താരദമ്പതികൾ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മലയാളസിനിമയിലെയും തമിഴ് സിനിമാലോകത്തേയും പവർഫുൾ കപ്പിൾസാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം സൂര്യയയും ജ്യോതികയുമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്.
‘ഫ്രെണ്ട്സ് ഹൂ ഇൻസ്‌പയർ’ എന്ന അടികുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ‘നിങ്ങൾ രണ്ട് പേരും എത്ര നല്ല കപ്പിൾസാണ്. നമ്മുക്ക് ഒരുമിച്ച് ഇനിയും നല്ല ഓർമ്മകൾ ഉണ്ടാക്കാം’ എന്നാണ് സൂര്യ ചിത്രത്തിനു താഴെ കുറിച്ചത്. അനവധി താരങ്ങളും ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ‘എത്ര മനോഹരമായ ചിത്രം’ എന്നാണ് നടി അഹാന കൃഷ്‌ണയുടെ കമന്റ്.രസകരമായ ആരാധക കമന്റുകളും ചിത്രത്തിനു താഴെയുണ്ട്. ‘സൂര്യ ചെയ്യാൻ പോകുന്ന അടുത്ത 5 ചിത്രങ്ങളുടെ കഥ രാജുവേട്ടനോട് പറഞ്ഞ് കാണും’, ‘അണ്ണാ നിങ്ങൾ റോളക്‌സിന്റെ വലം കൈയായിരുന്നോ’ അങ്ങനെ നീളുന്നു കമന്റുകൾ.
പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെ പോലെ തന്നെ ജ്യോതികയ്ക്കും സൂര്യയ്ക്കും സ്വന്തമായി നിർമാണ കമ്പനിയുണ്ട്. 2 ഡി എന്റർടെയിൻമെന്റ് എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ‘കാതൽ ദി കോർ’ ആണ് ജ്യോതികയുടെ പുതിയ ചിത്രം. കാതലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയതാണ് സൂര്യയയും ജ്യോതികയുമെന്നാണ് വ്യക്തമാകുന്നത്. 2007ൽ റിലീസിനെത്തിയ മൊഴി എന്ന ചിത്രത്തിൽ ജ്യോതികയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസ് മലയാളത്തിലെ മുൻനിര നിർമാണ കമ്പനികളിലൊന്നാണ്. കഴിഞ്ഞ വർഷത്തെ വൻ വിജയങ്ങൾക്കു പുറമെ ബോളിവുഡിലേക്കും കാലെടുത്ത് വച്ചിരിക്കുകയാണ് ഇവർ. ‘ഡ്രൈവിങ്ങ് ലൈസൻസി’ന്റെ ഹിന്ദി പതിപ്പായ ‘സെൽഫി’യിലൂടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഹിന്ദിയിലെത്തുന്നത്. ഫെബ്രുവരി 24 ന് ചിത്രം റിലീസിനെത്തും. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്‌മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.