“ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവുക എന്നത് ഇന്നത്തെ കാലത്ത് ഒരു പ്രശ്നം തന്നെയാണ്. നിങ്ങളുടെ ജോലിയെ മാത്രമല്ല, ജീവിതത്തെ മുഴുവന്‍ ചിലപ്പോള്‍ അത് ബാധിച്ചേക്കാം. പക്ഷേ ശക്തമായ അഭിപ്രായങ്ങള്‍ വേണോ വേണ്ടയോ എന്നത് ഒരു വ്യക്തി നടത്തേണ്ട ‘ചോയ്സ്’ ആണ്.”, എന്ന് നടന്‍ പൃഥ്വിരാജ്.

ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവുക എന്നത് ഒരാളുടെ കരിയറിനെ ബാധിക്കും എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“പ്രതിഷേധങ്ങള്‍, പ്രതിരോധങ്ങള്‍ എന്നിവ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപകരങ്ങള്‍ വഴി സംഘടിപ്പിക്കുന്ന ഒരവസ്ഥയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തില്‍. ഒരു വിഷയത്തെക്കുറിച്ച് നിങ്ങള്‍ ഒരു പരാമര്‍ശം നടത്തുന്ന ആ നിമിഷം മുതല്‍ അത് പൊതുമണ്ഡലത്തിലുണ്ട്. നിങ്ങള്‍ പറഞ്ഞതിനോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, ആ വിയോജിപ്പുകള്‍ ചേര്‍ന്ന് ഒരു ‘മോബ്’ ആകാന്‍ അധിക സമയം വേണ്ട. ഇന്നത്തെ കാലത്ത് കണ്ടു വരുന്ന തീര്‍ത്തും അനാരോഗ്യകരമായ ഒരു പ്രവണതയാണത്.”, പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

Prithviraj, Birthday

ഒരു ‘social media etiquette’ (സോഷ്യല്‍ മീഡിയയില്‍ എങ്ങനെ ഇടപെടണം, പെരുമാറണം, എന്നതിനെക്കുറിച്ചുള്ള അംഗീകൃത സാമൂഹിക പെരുമാറ്റരീതി) ഉണ്ടാവുന്നതിന്റെ ആവശ്യകതെയെക്കുറിച്ച് സാമാന്യ ജനത്തിന് ഒരു തിരിച്ചറിവുണ്ടാകുന്നത് വരെ നമ്മള്‍ ഈ പ്രവണതയോട് പൊരുത്തപ്പെട്ടേ മതിയാകൂ എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ ഞാനായിത്തന്നെ തുടരുമെന്നും എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ പറയുമെന്നുമുള്ള ഒരു തീരുമാനം എടുക്കുന്നത് എളുപ്പമല്ല. എന്നാല്‍ അതിന് അതിന്റെതായ ഗുണങ്ങളുമുണ്ട്‌”, പൃഥ്വിരാജ് പറഞ്ഞു.

കത്തുവ പെണ്‍കുട്ടിയുടെ ദാരണമായ മരണം, പോലീസ് കസ്ടഡിയില്‍ മരിച്ച അനിയന് നീതി തേടി സെക്രെട്ടെറിയറ്റ് പടിയ്ക്കല്‍ മൂത്ത സഹോദരന്‍ ശ്രീജിത്ത്‌ നടത്തിയ സമരം, നടിയാക്രമിക്കപ്പെട്ട വിഷയം തുടങ്ങി പല സമയത്തും ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള ആളാണ്‌ പൃഥ്വിരാജ്.  പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമാകാറുമുണ്ട് ഈ നടന്‍.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇനി മേല്‍ സ്ത്രീ വിരുദ്ധ ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് പൃഥ്വിരാജ് നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടല്‍ ശ്രദ്ധ നേടിയിരുന്നു.

സ്‌ത്രീ വിരുദ്ധമായി സിനിമകളിൽ നടത്തിയ പരാമർശങ്ങൾക്ക് ക്ഷമ ചോദിക്കുന്നു എന്ന് തുടങ്ങി “പക്വതയില്ലാത്ത പ്രായത്തിലാണ് താന്‍  സ്ത്രീവിരുദ്ധ പരാമർശങ്ങളുളള സിനിമകളുടെ ഭാഗമായത്, അന്ന് പറഞ്ഞ പല വാക്കുകളും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു, അതെനിക്ക് നേടി തന്ന ഒരോ കയ്യടിക്കും താനിപ്പോൾ തലകുനിക്കുന്നതായും” അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കത്തുവ സംഭവത്തിനോട് വികാരനിര്‍ഭരമയാണ് പൃഥ്വിരാജ് പ്രതികരിച്ചത്.  സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

”ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാ ദിവസവും ഞാൻ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയിൽ ഞാൻ ഭയപ്പെടുന്നു. ഒരു ഭർത്താവെന്ന നിലയിൽ അവളുടെ അമ്മയെയും എനിക്ക് മനസിലാക്കാൻ സാധിക്കും. ഇതിനെല്ലാം ഉപരി ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങളോരോരുത്തരെയും പോലെ ഞാനും ലജ്ജിക്കുന്നു. ഇത്തരത്തിലുളള നാണക്കേടുകളെ ഉൾക്കൊളളാൻ നമ്മൾ പരിചിതരായിക്കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ തോന്നുന്നു, ഇന്ത്യ”.

Prithviraj and Nazriya in Anjali Menon's Koode

‘കൂടെ’യില്‍ പൃഥ്വിരാജ്

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘കൂടെ’, റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’, നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ‘രണം’ എന്നിവയാണ് അടുത്ത് റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍. അഭിനയത്തോടൊപ്പം തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറി’ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലുമാണ് പൃഥ്വിരാജ്. മുരളി ഗോപി എഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ