കാത്തിരിപ്പിന് വിരാമം. ആകാംക്ഷ വീണ്ടും കൂട്ടി ടിയാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. മലയാളത്തിലെ അതിമനോഹരമായ ചിത്രങ്ങളിലൊന്നാവും ടിയാനെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. അത്‌ഭുതങ്ങൾ മനുഷ്യനെ കാണുമ്പോഴാണ് ഇതിഹാസങ്ങൾ ജനിക്കുന്നതെന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈൻ. പോസ്റ്ററിലെ ഈ വരികളും പൃഥിരാജിന്റെ ചിത്രവും ആരാധകരുടെ ആകാംഷ വർദ്ധിപ്പിച്ചിരിക്കയാണ്. പോസ്റ്ററിൽ കാണുന്ന പുരാതനമായ വലിയൊരു നഗരവും കൊടിയും മലയാള സിനിമയ്‌ക്ക് എന്നെന്നും ഓർക്കാവുന്ന ഒരു ചിത്രമാവും ടിയാൻ എന്ന സൂചനയാണ് നൽകുന്നത്.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. നവാഗതനായ ജിയെൻ കൃഷ്‌ണകുമാറാണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിൽ അസ്‌ലൻ എന്ന കഥാപാത്രമായാണ് പൃഥിരാജ് എത്തുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥിരാജ് ഫെയ്സ്ബുക്ക് പേജിൽ പങ്ക് വെച്ചിട്ടുണ്ട്.
“ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോൾ അതിൽ ഒന്നല്ല, ഒരായിരം ഇന്നലെകൾ ഉണ്ടാവും.മറവി കാർന്നുപോയ എണ്ണമറ്റ ജന്മങ്ങൾ ഒരുമിച്ചൊന്നായ, അദൃശ്യമായ, ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേൽപ്പടിയാൻ.അവനേ… ടിയാൻ.” എന്നാണ് പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് പൃഥിരാജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

tiyyan ,movie

റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ഈദിന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചത്. പൂനെ, മുംബൈ എന്നിവിടങ്ങളായിരുന്നു മറ്റു ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ