scorecardresearch

അച്ഛൻ മകനെയെന്ന പോലെ ഞാനിവന്റെ വളർച്ച നോക്കി കാണുന്നു; പൃഥ്വിരാജിനെ കുറിച്ച് രഞ്ജിത്

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ അച്ഛനും മകനുമായി അഭിനയിക്കുകയാണ് രഞ്ജിത്തും പൃഥ്വിരാജും ഇപ്പോൾ

അച്ഛൻ മകനെയെന്ന പോലെ ഞാനിവന്റെ വളർച്ച നോക്കി കാണുന്നു; പൃഥ്വിരാജിനെ കുറിച്ച് രഞ്ജിത്

പൃഥ്വിരാജ് സുകുമാരൻ എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന നിയോഗം കാലം കാത്തുവെച്ചത് സംവിധായകൻ രഞ്ജിത്തിനു വേണ്ടിയായിരുന്നു. ഒരു അവധിക്കാലത്തിന്റെ ബോറടി മാറ്റാൻ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞിട്ട് രഞ്ജിത്തിനെ കാണാൻ പോയ പൃഥ്വിരാജ് ‘നന്ദനം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ എത്തി. ഒന്ന് അഭിനയിച്ചു നോക്കിയിട്ട്, വെക്കേഷൻ തീരുമ്പോഴേക്കും ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയി പഠനം തുടരാം എന്ന് പ്ലാൻ ചെയ്തിരുന്നു പൃഥ്വിയെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു 360 ഡിഗ്രിയിലുള്ള മാറ്റം തന്നെയായിരുന്നു ‘നന്ദനം’ കാത്തുവെച്ചത്.

സംവിധായകൻ ഫാസിൽ ആയിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി ആദ്യം പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തത്. എന്നാൽ ആ സിനിമ നടക്കാതെ പോയി. ഫാസിലിൽ നിന്നും പൃഥ്വിയെ കുറിച്ച് അറിഞ്ഞ രഞ്ജിത്ത് പിന്നീട് കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയായിരുന്നു.

“ആദ്യമായി അഭിനയിക്കാനെത്തുന്നവന്റെ ചളിപ്പൊന്നും ഞാൻ അന്നവനിൽ കണ്ടില്ല. മല്ലിക ചേച്ചിയെ വിളിച്ച് ഇളയമകനെ ഒന്നു കാണണമെന്ന ആവശ്യം പറഞ്ഞു. എന്നെക്കാണാൻ അവൻ ട്രെയിനിൽ കോഴിക്കോടെത്തി.ആദ്യക്കാഴ്ചയിൽ തന്നെ എന്റെ മനു ഇവനാണെന്ന് ഞാനുറപ്പിച്ചിരുന്നു. താടി വടിച്ചു കളയരുത് എന്നു നിർദേശിച്ച് ഞാനന്ന് ഇവനെ തിരിച്ചയച്ചു,” പൃഥ്വിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് രഞ്ജിത്ത്.

സിനിമയിൽ ആരും കൊതിക്കുന്ന ഉയരങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞ പൃഥ്വിരാജ് എന്ന നടന്റെ വളർച്ചയെ ഒരു അച്ഛന്റെ സ്നേഹവാത്സല്യങ്ങളോടെയാണ് താൻ നോക്കി കാണുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. “മലയാള സിനിമയിലെ രാജുവിന്റെ വളർച്ച അച്ഛൻ മകനെ നോക്കിക്കാണുന്നതു പോലെ ഞാൻ കാണുകയായിരുന്നു.” സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

Prithviraj and Ranjith Featured
Prithviraj and Ranjith Featured

‘നന്ദന’ത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജിനെ തേടി പിന്നീടങ്ങോട്ട് സിനിമകളുടെ ഘോഷയാത്രയായിരുന്നു. മികച്ച കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളസിനിമയിൽ തന്റേതായ ഒരിടം ഉറപ്പിക്കാൻ പൃഥ്വിയ്ക്ക് സാധിച്ചു. 17 വർഷം കൊണ്ട് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച പൃഥ്വിയെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും തേടിയെത്തി. ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വി മലയാളസിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുകളും തിരുത്തിയെഴുതി. 200 കോടി കളക്റ്റ് ചെയ്യുന്ന ആദ്യമലയാളചിത്രം എന്ന ബഹുമതിയാണ് ‘ലൂസിഫർ’ സ്വന്തമാക്കിയത്. അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ പൃഥ്വി ചലച്ചിത്ര നിർമാണരംഗത്തും സജീവമാണ് ഇപ്പോൾ.

തിരക്കഥ, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ച രഞ്ജിത്തും പൃഥ്വിരാജും ഇപ്പോൾ സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചു വരികയാണ്. ചിത്രത്തിൽ അച്ഛനും മകനുമായാണ് ഇരുവരുമെത്തുന്നത്. മുൻപ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചിരുന്നു.

Read more: പന്ത്രണ്ടാം ക്ലാസ്സുകാരൻ പൃഥ്വിരാജ്; താരത്തിന്റെ മുൻകാലചിത്രം വൈറൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj sukumaran director ranjith nandanam memories