പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് എന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അതിലേറെ ആകാംക്ഷയോടെയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫറി’നായി ഓരോ മലയാളിയും കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് രണ്ടു ദിവസം മുമ്പാണ് അവസാനിച്ചത്.

തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നായകനായി മോഹന്‍ലാല്‍ എത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ്. തന്നെക്കൊണ്ട് സാധിക്കാവകുന്നതെല്ലാം ലൂസിഫറിനായി ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

‘മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം പൂര്‍ണമായും അവിടെയുണ്ടാകും. നമുക്കെന്താണ് അദ്ദേഹത്തില്‍ നിന്നും വേണ്ടതെന്ന് അദ്ദേഹത്തിന് അറിയണം. സംവിധായകന്റെ മനസിലുള്ളത് കിട്ടിയെന്ന് ഉറപ്പാക്കുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ഇന്നത്തെ ഈ ഇതിഹാസമായി അദ്ദേഹം മാറിയതിന്റെ പിന്നില്‍ അതു തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാലാവുന്നതെല്ലാം ലൂസിഫറിനായി ഞാൻ ചെയ്തിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു.

Read More: പൃഥിരാജ് മോഹൻലാൽ ടീമിന്റെ ലൂസിഫർ പൂർത്തിയായി

പൃഥ്വി ഫാന്‍സിനെ ആവേശം കൊള്ളിക്കാന്‍ വീണ്ടും ഒരു പുതിയ വെളിപ്പെടുത്തലുമായി താരം എത്തിയിരിക്കുകയാണ്. താന്‍ ഹിന്ദിയില്‍ സിനിമയെടുക്കും എന്നാണ് പൃഥ്വി പറയുന്നത്.

‘അയ്യാ’, ‘ഔറംഗസേബ്’, ‘നാം ഷബാന’, തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് തന്നെ അത്രമേല്‍ ആകര്‍ഷിച്ച പ്രൊജക്ടുകള്‍ ഒന്നും വരാത്തതുകൊണ്ടാണ് ബോളിവുഡിലേക്ക് വരാതിരുന്നതെന്നാണ് പൃഥ്വി പറയുന്നത്.

Read more: കൊടിയേന്താന്‍ ലാലേട്ടന്‍: ‘ലൂസിഫര്‍’ ചിത്രീകരണ ചിത്രങ്ങള്‍, വീഡിയോ

‘നിലവില്‍ ഒരു ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചൊന്നും ആരോടും സംസാരിച്ചിട്ടില്ല. ഇടയ്ക്ക് ഒന്നു രണ്ട് തിരക്കഥകള്‍ വായിച്ചിരുന്നു. പക്ഷെ എന്നെ ആകര്‍ഷിക്കുന്നതൊന്നും അതില്‍ ഉണ്ടായിരുന്നില്ല. നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് ഹിന്ദിയില്‍.’

‘പക്ഷെ ഒരു ഹിന്ദി ചിത്രം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അധികം വൈകാതെ അത് സംഭവിക്കട്ടെ എന്നു ഞാൻ പ്രത്യാശിക്കുന്നു,’ പൃഥ്വിരാജ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ