പൃഥ്വിരാജിന്റെ ഇംഗ്ലീഷ് സംസാരത്തെ ട്രോളന്മാർ എപ്പോഴും ആഘോഷമാക്കാറുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ളീഷ് സംസാരിക്കാൻ അറിയാവുന്ന നടൻ പൃഥ്വിരാജാണന്ന ഭാര്യ സുപ്രിയയുടെ അഭിപ്രായത്തിന് ട്രോളുകളുടെ പൂരമായിരുന്നു. അന്നു മുതൽ ഇങ്ങോട്ട് പൃഥ്വി ഇംഗ്ലീഷിൽ എന്തു പറഞ്ഞാലും അത് ട്രോളാകാനും തുടങ്ങി. അടുത്തിടെയായി താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളെയാണ് ട്രോളന്മാർ ലക്ഷ്യമിട്ടിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ടിയാന്റെ ചിത്രീകരണത്തിന് ശേഷം പൃഥി ഇട്ട ഒരു പോസ്റ്റ് ട്രോളന്മാർ ഏറ്റെടുത്തിരുന്നു. കടുകട്ടിയായ ഇംഗ്ലീഷിലായിരുന്നു പൃഥ്വിയുടെ വികാരനിർഭരമായ പോസ്റ്റ്. ചിത്രത്തിലെ അസ്‌ലൻ എന്ന കഥാപാത്രം ചിത്രീകരണം പൂര്‍ത്തിയായിട്ടും തന്നില്‍ നിന്ന് വിട്ടു പോയിട്ടില്ലെന്നും അസ്‌ലൻ തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുമെന്നുമായിരുന്നു പോസ്റ്റിലെ ഉളളടക്കം. പോസ്റ്റിനുപിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയാൻ തുടങ്ങി.

തന്റെ ഇംഗ്ലീഷിനെ ട്രോളുന്നവർക്ക് നല്ല കിടിലൻ മറുപടിയാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. ”ഞാൻ ഈ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ട്രോളുകൾ വരട്ടെ. വളരെ ക്രിയേറ്റീവായാണ് പല ട്രോളുകളും ചെയ്തിരിക്കുന്നത്. എന്റെ ഇംഗ്ലീഷിലെ എഴുത്തുഭാഷയിലൂടെ ആൾക്കാരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിൽ ഞാൻ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. അതെന്റെ ഭാഷയുടെ പ്രശ്നമെന്നാണ് ഞാൻ കരുതുന്നത്. അതെന്റെ തെറ്റായിട്ടാണ് ഞാൻ കരുതുന്നത്. എന്റെ ഇംഗ്ലീഷിനെക്കുറിച്ച് വരുന്ന ചില ട്രോളുകൾ ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്. കാരണം അവയിൽ ചിലതൊക്കെ വളരെ ക്രിയേറ്റീവാണ്. അതിനാൽതന്നെ ഇനിയും ട്രോളുകൾ വരട്ടെ” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ