/indian-express-malayalam/media/media_files/uploads/2018/10/Prithviraj-Sukumaran-36-Birthday-Supriya-Menon.jpg)
Prithviraj Sukumaran 36 Birthday Supriya Menon
മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന് 36 വയസ്സ് തികയുകയാണ് ഇന്ന്. തന്റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫറിന്റെ തിരക്കുകളായ പൃഥ്വി തന്റെ കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ഭാര്യ സുപ്രിയ ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിന്റെ ചിത്രം ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ താരം ആരാധകര്‍ക്കായി പങ്കു വച്ചിട്ടുമുണ്ട്.
"സുപ്രിയ ഒരുക്കിയ കേക്ക് രുചിയുള്ളത് മാത്രമായിരുന്നില്ല. കേക്കിന്റെ മുകളിലുള്ള ടോപ്പിങ് 'ലൂസിഫര്‍' ഷൂട്ടിങ് ദിനങ്ങളിലെ ഒരു സീന്‍ പുനര്‍നിര്‍മ്മിച്ചതാണ്. സിനിമ കാണുമ്പോള്‍ സീന്‍ ഏതാണെന്ന് മനസ്സിലാകാന്‍ വേണ്ടി പറയാം. ആ ദിവസം വിവേക് ഒബ്റോയ്, സായികുമാര്‍ ചേട്ടന്‍ എന്നിവര്‍ ഒന്നിച്ചുള്ള വളരെ തീവ്രമായ ഒരു സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് കുഞ്ഞു അലംകൃത തീരുമാനിച്ചത്, എന്നേയും കൊണ്ട് വീട്ടില്‍ പോകാം എന്ന്. എന്റെ കാലു പിടിച്ചു വലിക്കുകയായിരുന്നു അവള്‍. ഈ വര്‍ഷത്തെ ഞങ്ങളുടെ മൂന്നു പേരുടേയും ജന്മദിനങ്ങള്‍ 'ലൂസിഫര്‍' ലൊക്കേഷനില്‍ ആയിരുന്നു ആഘോഷിച്ചത്", കേക്കിനു പിന്നിലെ കഥ വിവരിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
എന്റെ ജീവിതത്തിന്റെ ഏറ്റവും 'അമേസിങ്' ആയ പുരുഷന് പിറന്നാള്‍ ആശംസകള്‍' എന്നാണ് സുപ്രിയ കുറിച്ചത്.
"ധാരാളം 'മൈൽസ്‌ട്രോണുകള്‍' കൊണ്ട് നിറഞ്ഞതാണ് തിരക്കുള്ള ഈ വര്‍ഷം. നമ്മുടെ ആദ്യ നിര്‍മ്മാണ സംരംഭമായ 'നയന്‍', നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫര്‍ എന്നിവ ഒരുങ്ങുന്നു. ഇതിനെക്കാളും വലിയ സന്തോഷമില്ല. ലോകത്തെ എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കൂടെ നിങ്ങള്‍ ഏറ്റവും അര്‍ഹിക്കുന്ന 'റസ്റ്റും' കുടുംബത്തോടൊപ്പമുള്ള സമയവും", സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
16 വർഷം മുൻപ് രഞ്ജിത്തിന്റെ 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കഴിഞ്ഞ വർഷങ്ങൾ കൊണ്ട് മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാൻ പൃഥ്വിയ്ക്ക് സാധിച്ചു.
പേരു കൊണ്ട് പോലും കുട്ടികൾ വ്യത്യസ്തനാകണം എന്ന് ആഗ്രഹിച്ചു മക്കൾക്ക് പേരിട്ട ഒരു അച്ഛന്റെ സ്വപ്നം പോലെ, പൃഥ്വി എന്ന മകൻ ഉയരങ്ങൾ കീഴടക്കി. മലയാളത്തില്‍ മാത്രം ഒതുങ്ങിയില്ല ആ പ്രതിഭ. മണിരത്‌നം ഉള്‍പ്പടെയുള്ള പ്രതിഭകൾക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ച പൃഥ്വി തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 100ൽ അധികം ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്.
അഭിനയവും നൃത്തവും പാട്ടുമൊക്കെ ഒരേ ആത്മവിശ്വാസത്തോടെ ചെയ്യാൻ കഴിവുള്ള പൃഥ്വിരാജ് പാട്ടുകാരൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചു. 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അനുഭവ സമ്പത്തുമായി 'ലൂസിഫർ' എന്ന മാസ്സ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായക റോളിൽ ആണ് പൃഥ്വിയിപ്പോൾ. തിരക്കഥ മൊത്തം കാണാതെ പഠിക്കുന്ന, ഫോട്ടോഗ്രാഫിക് മെമ്മറിയുമായി സഹപ്രവർത്തകരെ എല്ലാം അത്ഭുതപ്പെടുത്തുന്ന പൃഥ്വിയെ കുറിച്ചുള്ള വിവരങ്ങളാണ് 'ലൂസിഫർ' ലൊക്കേഷനുകളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. വർഷങ്ങളായി സംവിധാന മോഹം കൊണ്ട് നടക്കുന്ന പൃഥിരാജെന്ന സംവിധായകന്റെ 'ലൂസിഫർ' തിയേറ്ററിൽ എത്തുന്നതും കാത്തിരിക്കുകയാണ് മലയാള സിനിമ ഇന്ന്.
Read More: ഹാപ്പി ബര്‍ത്ത്ഡേ പൃഥ്വിരാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.