scorecardresearch

ഹാപ്പി ബെര്‍ത്ത്ഡേ പൃഥ്വിരാജ്

പ്രതിഭ കൊണ്ടും നിലപാടുകൾ കൊണ്ടും രണ്ടു പതിറ്റാണ്ടോളം നീളുന്ന തന്റെ അഭിനയ ജീവിതത്തെ ഗ്രേസ്ഫുളായി അടയാളപ്പെടുത്തിയ പൃഥിയുടെ പിറന്നാൾ ആണിന്ന്

പ്രതിഭ കൊണ്ടും നിലപാടുകൾ കൊണ്ടും രണ്ടു പതിറ്റാണ്ടോളം നീളുന്ന തന്റെ അഭിനയ ജീവിതത്തെ ഗ്രേസ്ഫുളായി അടയാളപ്പെടുത്തിയ പൃഥിയുടെ പിറന്നാൾ ആണിന്ന്

author-image
WebDesk
New Update
Prithviraj Sukumaran 36 Birthday

Prithviraj Sukumaran 36 Birthday

ആത്മവിശ്വാസത്തോടെ, നിലപാടുകളിലെ ഉറപ്പോടെ സംസാരിക്കുന്നവർ ചിലപ്പോഴൊക്കെ അഹങ്കാരികൾ എന്നോ തന്റേടികൾ എന്നോ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ആ നിലപാടുകളുടെ ഉറപ്പോടെ നമ്മുടെ മുന്നിൽ ജീവിച്ചു കാണിച്ചു അവർ തന്നെ ആ തെറ്റിദ്ധാരണകളെ തിരുത്തും. പരിഹസിച്ചവർക്കു പോലും ഒടുവിൽ അംഗീകരിക്കേണ്ടി വരും അനന്യസാധാരണമായ അത്തരം ചില വ്യക്തികളെ.  അങ്ങനെയൊരു വ്യക്തിത്വമാണ് മലയാളിക്ക് പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ.

Advertisment

അഹങ്കാരിയെന്നു വിളിച്ചും പരിഹസിച്ചുമൊക്കെ മലയാളികൾ ഒരിക്കൽ മാറ്റി നിർത്തിയ പൃഥ്വിരാജ് ആണ് ഇന്ന് മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്തൊരിടം കൈയ്യാളുന്നത്. വിമർശനങ്ങളെ പോലും പോസിറ്റീവ് ആയെടുക്കുന്ന പൃഥ്വിരാജ് എന്ന യുവനടൻ ആൾക്കൂട്ടത്തിൽ വ്യത്യസ്തനാകുന്നതും നിലപാടുകളിലെ ആ വ്യക്തത കൊണ്ടാവാം. പ്രതിഭ കൊണ്ടും നിലപാടുകൾ കൊണ്ടും രണ്ടു പതിറ്റാണ്ടോളം നീളുന്ന തന്റെ അഭിനയ ജീവിതത്തെ ഗ്രേസ്ഫുളായി അടയാളപ്പെടുത്തിയ പൃഥിയുടെ പിറന്നാൾ ആണിന്ന്.

16 വർഷം മുൻപ് രഞ്ജിത്തിന്റെ 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കഴിഞ്ഞ വർഷങ്ങൾ കൊണ്ട് മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാൻ പൃഥ്വിയ്ക്ക് സാധിച്ചു.

പേരു കൊണ്ട് പോലും കുട്ടികൾ വ്യത്യസ്തനാകണം എന്ന് ആഗ്രഹിച്ചു മക്കൾക്ക് പേരിട്ട ഒരു അച്ഛന്റെ സ്വപ്നം പോലെ, പൃഥ്വി എന്ന മകൻ ഉയരങ്ങൾ കീഴടക്കി. മലയാളത്തില്‍ മാത്രം ഒതുങ്ങിയില്ല ആ പ്രതിഭ. മണിരത്‌നം ഉള്‍പ്പടെയുള്ള പ്രതിഭകൾക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ച പൃഥ്വി തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 100ൽ അധികം ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്.

Advertisment

അഭിനയവും നൃത്തവും പാട്ടുമൊക്കെ ഒരേ ആത്മവിശ്വാസത്തോടെ ചെയ്യാൻ കഴിവുള്ള പൃഥ്വി പാട്ടുകാരൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചു. 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അനുഭവ സമ്പത്തുമായി 'ലൂസിഫർ' എന്ന മാസ്സ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായക റോളിൽ ആണ് പൃഥ്വിയിപ്പോൾ. തിരക്കഥ മൊത്തം കാണാതെ പഠിക്കുന്ന, ഫോട്ടോഗ്രാഫിക് മെമ്മറിയുമായി സഹപ്രവർത്തകരെ എല്ലാം അത്ഭുതപ്പെടുത്തുന്ന പൃഥ്വിയെ കുറിച്ചുള്ള വിവരങ്ങളാണ് 'ലൂസിഫർ' ലൊക്കേഷനുകളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. വർഷങ്ങളായി സംവിധാന മോഹം കൊണ്ട് നടക്കുന്ന പൃഥിരാജെന്ന സംവിധായകന്റെ 'ലൂസിഫർ' തിയേറ്ററിൽ എത്തുന്നതും കാത്തിരിക്കുകയാണ് മലയാള സിനിമ.

publive-image

2006ൽ 'വാസ്തവ'ത്തിലെയും 2013ൽ 'അയാളും ഞാനും തമ്മിൽ', 'സെല്ലുലോയ്ഡ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുമായി രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. സംസ്ഥാന അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പൃഥ്വിയുടെ പേരിലാണ്.

സീരിയസ് റോളുകളോ ഹാസ്യ വേഷങ്ങളോ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളോ ആവട്ടെ, തന്നെ ഏൽപ്പിക്കുന്ന കഥാപാത്രം ഏറ്റവും മികച്ചതാക്കുന്ന ഒരു 'പൃഥ്വി മാജിക്‌' ഈ യുവനടനെ മലയാളികളുടെ ഇഷ്ടനടനായി നിലനിർത്തുന്നു.

താരമൂല്യം കൂട്ടുന്ന സിനിമകളേക്കാൾ മനസ്സ് പറയുന്ന സിനിമകൾ ചെയ്യാനും പുതിയ പരീക്ഷണങ്ങൾക്കും മുതിരുന്ന പൃഥ്വിരാജ് പ്രതീക്ഷകളുടെ ഭാരം ചുമക്കാതെ സിനിമയെ പ്രണയിക്കുന്ന ഒരാൾ കൂടിയാണ്.  ഒട്ടും കഷ്ടപ്പാടില്ലാതെ സിനിമ തനിക്കു തന്ന സൗഭാഗ്യങ്ങളെ കുറിച്ചു ഉത്തമബോധ്യവും തനിക്കു ഒരുപാട് അനുഗ്രഹങ്ങൾ തന്ന സിനിമയ്ക്ക് തന്നാൽ കഴിയുന്നത് നൽകണമെന്ന ആഗ്രഹവുമൊക്കെ പൃഥ്വിരാജ് എന്ന ഈ 36 കാരനെ വ്യത്യസ്തനാക്കുന്നു.

സിനിമയുടെ താരത്തിളക്കത്തിനപ്പുറം ഒരു മകനെന്ന രീതിയിലും ഭർത്താവെന്ന രീതിയിലും അച്ഛനെന്ന രീതിയിലും സഹോദരനെന്ന രീതിയിലുമൊക്കെ ഒരു കംപ്ലീറ്റ് 'ഫാമിലിമാൻ' ഇമേജ് കൂടി കാത്തു സൂക്ഷിക്കുന്നുണ്ട് പൃഥ്വിരാജ്. വാക്കുകളിൽ മാത്രമല്ല, ജീവിതത്തിലും സത്യസന്ധതയും നിലപാടുകളും സൂക്ഷിക്കുന്ന ഈ നടൻ മലയാള സിനിമയുടെ ഭൂപടത്തിൽ തന്റേതായൊരു കയ്യൊപ്പ് തന്നെയാണ് രേഖപ്പെടുത്തുന്നത്.

Read More: മതിയച്ഛാ, വാ വീട്ടില്‍ പോകാം: പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിന് പിന്നിലെ കഥ

'സെല്ലുലോയിഡി'ലെ ജെ.സി.ഡാനിയേൽ, 'അയാളും ഞാനും തമ്മിലിലെ' ഡോക്ടർ രവി തരകൻ, 'എന്ന് നിന്റെ മൊയ്തീനി'ലെ മൊയ്തീൻ, ക്ലാസ്സ്‌മേറ്റിസി'ലെ സുകു, 'ഇന്ത്യൻ റുപ്പി'യിലെ റിയൽ എസ്റ്റേറ്റ് ഡീലർ ജയപ്രകാശ്, 'വാസ്തവ'ത്തിലെ ബാലചന്ദ്രൻ അഡിഗ, 'അനന്തഭദ്ര'ത്തിലെ അനന്തൻ, 'റോബിൻ ഹുഡി'ലെ വെങ്കി, 'തലപ്പാവി'ലെ നക്സൽ വർഗീസ്, 'തിരക്കഥ'യിലെ അക്ബർ അഹമ്മദ്, 'അകലെ'യിലെ നീൽ ഡികോസ്റ്റ, 'ഉറുമി'യിലെ ചിറക്കൽ കേളുനായർ, 'അനാർക്കലി'യിലെ ശന്തനു, 'മാണിക്യക്കല്ലി'ലെ വിനയചന്ദ്രൻ മാഷ്, 'മുംബൈ പൊലീസി'ലെ ആന്റണി മോസസ്, 'മെമ്മറീസി'ലെ സാം അലക്സ്, 'സപ്തമശ്രീ തസ്കര'യിലെ കൃഷ്ണനുണ്ണി, 'നന്ദന'ത്തിലെ മനു എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ നിരവധിയേറെ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന് പിറന്നാള്‍ ആശംസകള്‍.

Birthday Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: