‘കടുവ’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ദുബായിൽ ആകാശത്തൊരു ഡ്രോൺ പ്രദർശനം. കടുവ എന്ന് മലയാളത്തിൽ എഴുതിയും പൃഥ്വിരാജിന്റെ രേഖാചിത്രം ആകാശത്ത് വരച്ചും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഇന്നലെ ‘കടുവ’യുടെ പ്രമോഷൻ ഇവന്റ് നടന്നത്. ദുബായിലെ ഷെയ്ഖ് സായിദ് റോഡരികിലായിരുന്നു ഡ്രോൺ പ്രദർശനം നടന്നത്. ആകാശത്ത് ‘കടുവ’ തെളിയുന്നത് സാക്ഷിയാവാൻ പൃഥ്വിരാജും വിവേക് ഒബ്റോയിയും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും എത്തിയിരുന്നു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ പ്രൊമോഷൻ ഡ്രോൺ വിസ്മയം തീർത്തുകൊണ്ട് സംഘടിപ്പിച്ചത്. ദുബായ് പൊലീസ് ആണ് ഡ്രോണുകൾ കൊണ്ട് ഈ ആകാശവിസ്മയം ഒരുക്കിയത്.
ദുബായുടെ ആകാശത്ത് മലയാളം അക്ഷരങ്ങൾ തെളിഞ്ഞതാണ് തന്നെ കൂടുതൽ അഭിമാനം കൊള്ളിക്കുന്നത് എന്നായിരുന്നു ഡ്രോൺ പ്രദർശനത്തിനു ശേഷം പൃഥ്വിരാജ് പറഞ്ഞത്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ. 2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്നത് ഇപ്പോഴാണ്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോൻ ആണ് ‘കടുവ’യിലെ നായിക. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.