ഛത്രപതി ശിവജിയും പൃഥിരാജും തമ്മിലെന്ത് ബന്ധം? എവിടെയോ ഒരു സാമ്യമുണ്ടെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തൽ. മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജിയുമായി പൃഥിരാജിനുള്ള വിദൂരഛായ ചൂണ്ടി കാണിക്കുകയാണ് ബിജു. ഫെബ്രുവരി 19 ശിവജി ജയന്തി ദിനത്തിൽ തന്റെ കണ്ണിലുടക്കിയ ഒരു ചിത്രമാണ് ബിജു ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പൃഥിരാജിന്റെ മുഖവുമായി നല്ല സാമ്യമുണ്ട് ചിത്രത്തിലെ ശിവജിയ്ക്ക് എന്നതാണ് ചിത്രം സമ്മാനിക്കുന്ന കൗതുകം.

കൗതുകമുണർത്തുന്ന ട്വീറ്റും ചിത്രവും പൃഥിരാജും ഷെയർ ചെയ്തിട്ടുണ്ട്. ‘അടുത്ത ബയോപിക്കിനുള്ള ഐറ്റം റെഡി ആയല്ലോ’, ‘ശിവജിയുടെ പുനർജന്മം ആണോ?’, ‘ഛത്രപതി ശിവജിയുടെ ജീവിതം ഇനി സിനിമ ആക്കേണ്ടി വന്നാൽ പെർഫെക്റ്റ് മാച്ച് പൃഥി ആയിരിക്കും’ എന്നു തുടങ്ങി രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

താൻ ആദ്യമായി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം ‘ലൂസിഫർ’ തിയേറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് താരമിപ്പോൾ. മാർച്ച് 28 നാണ് ചിത്രം റിലീസിനെത്തുന്നത്. റിലീസിനു മുന്നോടിയായി 26 ദിവസങ്ങളിലായി ചിത്രത്തിലെ 26 ക്യാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ‘ലൂസിഫർ’ ടീം. ചിത്രത്തിലെ മോഹൻലാലിന്റെ മാസ് ലുക്കിലുള്ള പോസ്റ്ററുകളും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ ‘ലൂസിഫറി’ൽ എത്തുന്നത്. ‘ലൂസിഫറി’ന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്‌റോയ് എന്നുതുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജനുവരി അവസാന ആഴ്ചയാണ് ‘ലൂസിഫറി’ന്റെ ചിത്രീകരണം ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ പൂർത്തിയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook