മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റേത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും അടക്കം എല്ലാവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ. അതുകൊണ്ടുതന്നെ മല്ലിക സുകുമാരനും ഇന്ദ്രജിത്തും പൃഥ്വിരാജും പൂർണിമയും സുപ്രിയയും മക്കളുമെല്ലാം ഒത്തുചേരുന്ന ചിത്രങ്ങൾ ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികൾ കാണാനുമൊക്കെ മുത്തച്ഛൻ സുകുമാരനും കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപാേയിട്ടുണ്ടെന്ന് മല്ലിക സുകുമാരനും നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തിനെ ഒരു ഫാമിലി പോർട്രെയിറ്റിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥ്വിയുടെ ഒരു ആരാധകൻ.

ഭാര്യയ്ക്കും മക്കൾക്കും മരുമക്കൾക്കും കൊച്ചുമകൾക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ ഈ കുടുംബചിത്രത്തിൽ കാണാനാവുക. “അച്ഛനുണ്ടായിരുന്നെങ്കിൽ…” എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

I wish! Thank you @__muzu

A post shared by Prithviraj Sukumaran (@therealprithvi) on

Read more: കോളേജ് അവധിക്കാലത്ത് നേരം പോക്കിന് വേണ്ടി സിനിമ ചെയ്തു; ‘നന്ദനം’ ഓർമകളിൽ പൃഥ്വിരാജ്

ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടതിലുള്ള വിഷമത്തെ കുറിച്ച് പല അഭിമുഖങ്ങളിലും പൃഥ്വി സംസാരിച്ചിട്ടുണ്ട്. “എല്ലാ ആണ്‍മക്കളെയും പോലെ ഞാനും എന്റെ അച്ഛനെയാണ് ആരാധിക്കുന്നത്. അദ്ദേഹമായിരുന്നു എന്റെ മാര്‍ഗദര്‍ശി, നായകന്‍, സുഹൃത്ത്. പെട്ടെന്ന് വളര്‍ന്ന് വലുതാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അച്ഛനോടൊപ്പം മാന്‍ ടു മാന്‍ എന്ന രീതിയില്‍ ഇടപെടാന്‍. എല്ലാ കാര്യങ്ങളെയും കുറിച്ച് അറിവുള്ള ആളായിരുന്നു അച്ഛന്‍ എന്നാണ് എന്റെ ഓര്‍മ്മ. എല്ലാ കാര്യങ്ങളെക്കുറിച്ചും…. എന്നാല്‍ ഞാന്‍ ഈ ചെറിയ മനുഷ്യനായി വളര്‍ന്നു വന്നപ്പോഴേക്കും എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന്‍ കഴിയാതെ പോയ ഒരുപാടു കാര്യങ്ങള്‍ ജീവിതത്തില്‍ ബാക്കി വന്നു. അതിനേക്കാളുപരി അച്ഛന്‍ പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ എന്ന തോന്നല്‍ എന്നില്‍ ബാക്കിയായി. അപ്പോള്‍ മുതല്‍ അച്ഛനെ ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിനെ പരിചയമുള്ളവര്‍ പറഞ്ഞ ചെറുതും വലുതുമായ കാര്യങ്ങളില്‍ കൂടിയാണ്. അമ്മ, ചേട്ടന്‍, അച്ഛന്റെ സുഹൃത്തുക്കള്‍, അച്ഛന്റെ സഹപ്രവര്‍ത്തകര്‍ അങ്ങനെ പലരില്‍ നിന്നുമായി എനിക്കിത് വരെ അറിയാത്ത, പരിചയമില്ലാത്ത അച്ഛനെയും ഞാന്‍ അറിഞ്ഞു. ഇന്ന് എന്റെ മനസിലുള്ള അച്ഛന്‍ പതിമൂന്ന് വയസു വരെ ഞാന്‍ നേരില്‍ കണ്ടതിന്റെയും പിന്നീട് ആളുകള്‍ പറഞ്ഞതിന്റെയും ഒരു കൂടിച്ചേരലാണ്,” അച്ഛനെ കുറിച്ച് രണ്ടുവർഷം മുൻപ് ഒരു ഫാദേഴ്സ് ഡേയിൽ പങ്കുവച്ച കുറിപ്പിൽ പൃഥ്വി പറയുന്നു.

Read more: ഒന്നും മിണ്ടാതെ എന്നെ സമാധാനിപ്പിക്കാന്‍ നിന്ന മക്കള്‍; സുകുമാരന്റെ വിയോഗമോര്‍ത്ത് മല്ലിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook