വർഷങ്ങൾ കടന്നുപോവുന്തോറും മൂല്യമേറുന്ന ഒന്നാണ് ഫോട്ടോഗ്രാഫുകൾ. പോയ കാലത്തിന്റെ മധുരമായ ഓർമകളെ ഒരു നിമിഷത്തിലേക്ക് ആവാഹിച്ചുവെയ്ക്കുന്നുണ്ട് ഓരോ ചിത്രവും. അത്തരമൊരു അപൂർവ്വചിത്രം കണ്ടെടുത്ത സന്തോഷത്തിലാണ് നടൻ പൃഥ്വിരാജ്. 1984ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘ഉണരൂ’ എന്ന മലയാളചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു പഴയ ഫോട്ടോയാണിത്. മണിരത്നം, മോഹൻലാൽ, സുകുമാരൻ, ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ എന്നിവരെ ചിത്രത്തിൽ കാണാം. ഈ ചിത്രം നല്കിയത് ഛായാഗ്രഹകന് രവി കെ ചന്ദ്രനാണെന്നും പൃഥ്വി പറയുന്നു.
മോഹൻലാലും മണിരത്നവും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ‘ഉണരൂ’. ടി ദാമോദരൻ കഥയെഴുതിയ ചിത്രത്തിൽ മോഹൻലാൽ, സുകുമാരൻ എന്നിവർക്ക് ഒപ്പം രതീഷ്, സബിത ആനന്ദ്, അശോകൻ, ബാലൻ കെ നായർ, ഉണ്ണിമേരി, കൃഷ്ണചന്ദ്രൻ, ജഗന്നാഥവർമ്മ, ലാലു അലക്സ്, ഫിലോമിന, പ്രതാപചന്ദ്രൻ, പറവൂർ ഭരതൻ, ജനാർദ്ദനൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.
Read more: ഇതിലൊന്നും തളർന്നു പോവുന്നവനല്ല പൃഥ്വി; പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ
ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്ന് ബിജെപിയുടെയും സംഘ്പരിവാറിന്റെയും ഭാഗത്തുനിന്ന് ആക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും നേരിടുകയാണ് പൃഥ്വിരാജ്. പൃഥ്വിയ്ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് താരങ്ങളും രംഗത്തുവന്നിരുന്നു.