ആഢംബരകാറുകളോടും ബൈക്കുകളോടുമൊക്കെ പൃഥ്വിരാജിനുള്ള പ്രണയം പ്രശസ്തമാണ്. ലംബോർഗിനി, റേഞ്ച് റോവർ, ബിഎംഡബ്ല്യു, മിനി കൂപ്പർ എന്നിങ്ങനെ അഢംബരകാറുകളുടെ വലിയൊരു കളക്ഷൻ തന്നെ താരത്തിനുണ്ട്. അച്ഛൻ സുകുമാരന്റെ വണ്ടിപ്രേമം അതുപോലെ കിട്ടിയ മകൻ എന്നാണ് പൃഥ്വിയെ അമ്മ മല്ലിക സുകുമാരൻ വിശേഷിപ്പിക്കുന്നത്.
എന്നാൽ, പച്ചനിറത്തിലുള്ള ഒരു പഴയ അംബാസിഡർ കാർ അന്വേഷിക്കുകയാണ് പൃഥ്വിയിപ്പോൾ. അച്ഛൻ ആദ്യം സ്വന്തമാക്കിയ പിന്നീട് കൈമോശം വന്നുപോയ ആ പഴയ അംബാസിഡർ തിരിച്ചെടുക്കാൻ ആഗ്രഹിക്കുകയാണ് പൃഥ്വിയെന്ന മകൻ. ഒരു അഭിമുഖത്തിനിടയിൽ മല്ലിക സുകുമാരനാണ് ഇക്കാര്യം പറഞ്ഞത്.
“രാജു സുകുവേട്ടനെ പോലെയാണ്. സുകുവേട്ടന് പണ്ടേ വണ്ടി ക്രേസാണ്. ബെൻസ്, അംബാസിഡർ, മാരുതി തുടങ്ങിയ കാറുകളൊക്കെ അന്നദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. സുകുവേട്ടൻ ആദ്യം വാങ്ങിയ ഒരു അംബാസിഡർ ഉണ്ടായിരുന്നു, അതിപ്പോൾ എവിടെയെങ്കിലും കിട്ടുമോ എന്നു നോക്കി രാജു നടപ്പുണ്ട്. ഈ ഇന്റർവ്യൂ കണ്ടിട്ട് ആ കാർ കയ്യിലുള്ളവർ പറയാണെങ്കിൽ പറയട്ടെ. KR D 699 എന്നായിരുന്നു അതിന്റെ നമ്പർ. പച്ച നിറത്തിലുള്ള ഒരു അംബാസിഡറായിരുന്നു അത്,” മല്ലിക സുകുമാരൻ പറയുന്നു.
“സുകുവേട്ടന് ആദ്യം വാങ്ങിച്ച ആ കാർ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചത് ഞാനാണ്. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. ഏതാ പൂജിക്കാന്‍ കൊണ്ടുവന്ന കാറെന്ന് അന്ന് ചിലരൊക്കെ ചോദിച്ചു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടേതാണെന്ന് പറഞ്ഞ് ഒപ്പിച്ച് കാര്‍ പൂജിച്ച് വന്നു.”
“സുകുചേട്ടന് ഒരു കർണാടക രജിസ്ട്രേഷൻ ബെൻസ് ഉണ്ടായിരുന്നു. സിഎസി 707. അത് പിന്നീട് ചെന്നൈയിൽ കൊണ്ടുവന്ന് TS A 6565 എന്നാക്കി. ആ നമ്പറുകളൊക്കെ എനിക്കിപ്പോഴും ഓർമ്മയിലുണ്ട്. പിന്നെ മാരുതി ഇറങ്ങിയപ്പോൾ നാൽപ്പതാമത്തെ മാരുതി സ്വന്തമാക്കിയത് ഞങ്ങളാണ്. TMT 5412, എന്നായിരുന്നു അതിന്റെ നമ്പർ,” മല്ലിക സുകുമാരൻ ഓർത്തെടുത്തു.