മല്ലിക സുകുമാരന്റെ പിറന്നാൾ ദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ മക്കളും മരുമക്കളും പേരക്കുട്ടികളും ആശംസകളുമായി എത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മല്ലികയ്ക്ക് ഒപ്പമില്ലായിരുന്നു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ദ്രജിത് പാലായിലും പൃഥ്വിരാജ് അട്ടപ്പാടിയിലുമാണെന്ന് ട്വന്റി ഫോറിന്റെ മോണിങ് ഷോയിൽ മല്ലിക പറഞ്ഞു. ഇരുവരും കൊച്ചിയിലേക്ക് എത്തുന്ന ദിവസം ആഘോഷിക്കാമെന്നാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് മല്ലിക പറഞ്ഞു.

ഷോയിൽ സംസാരിക്കുന്നതിനിടയിലാണ് പൃഥ്വിരാജിന്റെ കോളെത്തുന്നത്. അപ്രതീക്ഷിതമായി മകൻ വിളിച്ചപ്പോൾ മല്ലികയ്ക്കും സന്തോഷം അടക്കാനായില്ല. ജന്മദിന ആഘോഷം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ പൃഥ്വിയുടെ മറുപടി ഇതായിരുന്നു, ”ജന്മദിനമോ, ഓണമോ വിഷുവോ ഒന്നുമല്ല ഞങ്ങൾക്ക് ആഘോഷം. എല്ലാവരും ഒരുമിച്ച് ഒരു സ്ഥലത്ത് ഉണ്ടാവുന്നതാണ് ആഘോഷം. അത് വല്ലപ്പോഴുമേ ഉണ്ടാവാറുളളൂ.”

ഷോയിൽ അമ്മയിൽനിന്നും താൻ കണ്ടു പഠിച്ച പാഠങ്ങളെക്കുറിച്ചും പൃഥ്വി സംസാരിച്ചു. ”അച്ഛനിൽനിന്നും അമ്മയിൽനിന്നും ഞാൻ പഠിച്ച പാഠമെന്നത് നമ്മുടെ മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ്. അതെന്നെ പഠിപ്പിച്ചത് എന്റെ അച്ഛനും അമ്മയുമാണ്. ഇന്ന് ഞാനും എന്റെ ചേട്ടനും എങ്ങനെയാണോ, അങ്ങനെ ആയിത്തീർന്നത് സ്വയമാണെന്ന് ഞങ്ങൾക്ക് പറയാനാവില്ല. അച്ഛനിൽനിന്നും അമ്മയിൽനിന്നും കണ്ടുപഠിച്ചതിൽനിന്നാണ് ഞാനെന്ന വ്യക്തിത്വമുണ്ടായത്. ആ പാഠങ്ങളാണ് എന്റെ മോൾക്കും ചേട്ടന്റെ മക്കൾക്കും നമ്മൾ പകർന്നു കൊടുക്കേണ്ടത്.”

Read Also: അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

”ഞാൻ ജീവിതത്തിൽ കണ്ടിട്ടുളളതിൽവച്ച് ഏറ്റവും ധൈര്യശാലിയായ സ്ത്രീയാണ് മല്ലിക സുകുമാരൻ. ഇത്രയും മനഃശക്തിയുളള വ്യക്തിയെ അമ്മ എന്ന സ്നേഹം മാറ്റിനിർത്തിയാൽ എനിക്ക് വലിയ ആരാധനയാണ്. അമ്മയുടെ ആ മനഃശക്തി എനിക്കില്ല. അമ്മയുടെ ആ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെയെന്നാണ് എന്റെ പ്രാർഥന”. പൃഥ്വിരാജ് ഇതു പറഞ്ഞപ്പോൾ മല്ലിക സുകുമാരൻ വികാരാധീനയായി.

”മല്ലിക സുകുമാരന്‍ എന്ന വ്യക്തിത്വം അമ്മ സ്വന്തമായുണ്ടാക്കിയെടുത്താണ്. വീണുപോകാവുന്ന സാഹചര്യങ്ങളുണ്ടായിട്ടും തളരാതെ മുന്നേറുകയായിരുന്നു. അച്ഛനുമായുള്ള ജീവിതത്തിലായാലും അതിന് മുന്‍പുള്ള ജീവിതത്തിലായാലും അമ്മയിൽനിന്ന് കണ്ട് പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതത്തിൽ സാമ്പത്തികമല്ലാത്ത ഒരുപാട് ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ രണ്ടു കുഞ്ഞുമക്കളേയും ചേര്‍ത്തുപിടിച്ചാണ് അമ്മ പോരാടിയത്.” പൃഥ്വിരാജ് ഇതു പറഞ്ഞതും മല്ലിക സുകുമാരന്റെ കണ്ണുകൾ നിറഞ്ഞുപോയി.

ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. ‘മോഹമല്ലിക’ എന്നാണ് യഥാർഥ പേര്. 1974 ൽ ജി. ‘അരവിന്ദന്റെ ഉത്തരായനം’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. ‘സ്വപ്നാടനം’ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.

തുടർന്ന് ‘കന്യാകുമാരി’, ‘അഞ്ജലി’, ‘മേഘസന്ദേശം’, ‘അമ്മക്കിളിക്കൂട്’, ‘ഛോട്ട മുംബൈ’, ‘തിരക്കഥ’, ‘കലണ്ടര്‍’ , ‘ഇവര്‍ വിവാഹിതരായാല്‍’ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook