ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോർദ്ദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ‘9’ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പൃഥി ‘ആടുജീവിത’ത്തിനായി ജോർദ്ദാനിലേക്കു പോവാൻ ഒരുങ്ങുന്നു എന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

ചിത്രത്തിലെ പൃഥിയുടെ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുഖം കരുവാളിച്ച് ദൈന്യത നിറഞ്ഞ ലുക്കിലാണ് പൃഥി ഫോട്ടോയിൽ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇപ്പോൾ ജോർദ്ദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഈജിപ്തിലും ചിത്രത്തിന്റെ ​ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്യും.

Image may contain: 1 person, standing

“വലിയൊരു ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. നാട്ടിൽ ചിത്രീകരിക്കേണ്ട സീനുകൾ എല്ലാം പൂർത്തിയായി. ശേഷിക്കുന്ന മൂന്നു ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. വിവിധ ലൊക്കേഷനുകൾ ഞങ്ങൾ പരിഗണിച്ചു വരുന്നുണ്ട്, അതിലൊന്ന് മൊറോക്കോ ആണ്. ഷൂട്ടിംഗ് കാരണമല്ല സിനിമ വൈകുന്നത്, പ്ലാനിംഗ് പ്രക്രിയയ്ക്ക് വേണ്ടിയെടുക്കുന്ന സമയം മൂലമാണ്. കാലാവസ്ഥപരമായ ഘടകങ്ങൾക്കും തിരക്കഥയിൽ നല്ല റോളുണ്ട്. തെറ്റുകൾ ഇല്ലാതെ വേണം ഓരോ ഷോട്ടും എന്നുള്ളതിനാൽ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്,” സിനിമയെ കുറിച്ച് ബ്ലെസി പറഞ്ഞ വാക്കുകൾ.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

 

ഇരുപത്തിയഞ്ചു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം എ ആർ റഹ്മാൻ മലയാളം സിനിമാ ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തുകയാണ് ‘ആടുജീവിത’ത്തിലൂടെ. 1992 ൽ പുറത്തിറങ്ങിയ യോധയാണ് റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച അവസാന മലയാളചിത്രം.
‘മീടൂ’ വിവാദത്തെ തുടർന്ന് തമിഴകത്തെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കപ്പെടുകയും സിനിമയിൽ അവസരങ്ങൾ നഷ്ടമാകുകയും ചെയ്ത ചിന്മയിയും ‘ആടുജീവിത’ത്തിനു വേണ്ടി പാടിയിട്ടുണ്ട്. എ.ആര്‍.റഹ്മാന്‍ ആണ് ചിന്മയിയ്ക്ക് ആടുജീവിതത്തിൽ അവസരം നൽകിയിരിക്കുന്നത്.

Read more: ആടുജീവിതത്തിനായി പൃഥ്വി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്: അമല പോള്‍

ചിത്രത്തിൽ ഒരു പ്രധാന റോളിൽ അമലാപോളും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമല പോളിന്റെ കാസ്റ്റിംഗ് അനൗൺസ് ചെയ്തത്. “ദേശീയ അവാർഡ് ജേതാവായ ബ്ലെസിയുടെ ആടുജീവിതത്തിൽ സൈനു എന്ന കഥാപാത്രമായി എത്താൻ സാധിക്കുന്നത് ഏറെ വലിയ അംഗീകാരമായി ഞാൻ കാണുന്നു. മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി മാറിയ ബെന്യാമിന്റെ ഈ ക്ലാസ്സിക് നോവലിൽ അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ത്രിഡി സാങ്കേതികതയിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥ അതിമനോഹരമായി തോന്നി,” എന്ന് അമല അഭിപ്രായപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ