നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. അനിലിന്റെ ജീവിതത്തിലെ വഴിത്തിരിവായ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിന് നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേർപാട് എന്നത് മറ്റൊരു യാദൃച്ഛികത. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജ്.

Read More: കൂട്ടുകാരാ, ഇതെന്റെ പിറന്നാൾ സമ്മാനം; സച്ചി ബാക്കി വച്ച സ്വപ്നം പൂർത്തീകരിച്ച് പൃഥ്വിരാജ്

“ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി,” എന്നാണ് പൃഥ്വി കുറിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങി മരിക്കുന്നത്. മരിക്കുന്നതിന് എട്ടു മണിക്കൂറുകൾക്കു മുൻപ് അനിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറി സച്ചിയെ കുറിച്ചായിരുന്നു. സച്ചി സംവിധാനം ചെയ്ത ചിത്രം ‘അയ്യപ്പനും കോശി’യും അനില്‍ എന്ന നടന്റെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സച്ചി അകാലത്തില്‍ പിരിയുകയായിരുന്നു. സച്ചിയുടെ ജന്മദിനത്തിൽ സച്ചിയെ ഓർത്തു കൊണ്ടുള്ള ഒരു കുറിപ്പാണ് അവസാനമായി അനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

Read More: വാക്കുകൾ അറംപറ്റിയല്ലോ ചേട്ടാ; അനിലിന്റെ മരണത്തിന്റെ ഞെട്ടലിൽ ആരാധകർ

കുറിപ്പിൽ ഒരിടത്ത്, ‘ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ,’ എന്ന അനിൽ പറയുന്നുണ്ട്. ഈ വാക്കുകൾ അറംപറ്റിപ്പോയല്ലോ ചേട്ടാ എന്നാണ് ഞെട്ടലോടെ ആരാധകർ പറയുന്നത്.

‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ ? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു,’ എന്നാണ് കുറിപ്പിൽ അനിൽ പറയുന്നത്. അനിലിന്റെ ഫേസ്ബുക്ക് കവർ ചിത്രം സച്ചിയുടേതാണ്.

ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി തൊടുപുഴയിലെത്തിയതായിരുന്നു അനിൽ നെടുമങ്ങാട്. ചിത്രത്തിൽ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അദ്ദേഹത്തിന്.

‘ഞാൻ സ്റ്റീവ് ലോപ്പസ്,’ ‘പൊറിഞ്ചു മറിയം ജോസ്,’ ‘കിസ്മത്ത്,’ ‘പാവാട’ ‘കമ്മട്ടിപ്പാടം’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

നാടക-ടെലിവിഷൻ രംഗങ്ങളിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അനിൽ നെടുമങ്ങാട്. 1997-98ല്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏതാനും വർഷങ്ങൾ നാടക രംഗത്തു പ്രവർത്തിച്ചു. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ടെലവിഷൻ രംഗത്തെത്തി. ചാനലുകളിൽ അവതാരകനും പ്രൊഡ്യൂസറുമായി മാറിയ അദ്ദേഹം കൈരളി ടിവിയിലെ ‘സ്റ്റാർ വാർസ്’ എന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

2005ൽ പുറത്തിറങ്ങിയ ‘തസ്കരവീര’നിലൂടെ ആണ് അനിൽ നെടുമങ്ങാട് ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. ആദ്യഘട്ടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2014ൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്തത്. 2016ൽ ഇറങ്ങിയ രാജീവ്‌ രവി ചിത്രം’കമ്മട്ടിപ്പാട’ത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook