ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ‘യാത്ര’ എന്ന തെലുഗ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയെ പുകഴ്ത്തി നടന്‍ പൃഥ്വിരാജ് രംഗത്ത്. തെലുഗ് ഭാഷയില്‍ മമ്മുക്കയ്ക്ക് ഉളള സ്വാധീനവും സൂക്ഷ്മതയോടെയുളള അദ്ദേഹത്തിന്റെ കഥാപാത്ര ആവിഷ്കാരവും വശീകരിക്കുന്നതാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. തെലുഗ് ഭാഷയെ കുറിച്ച് പറയാന്‍ താന്‍ ആരുമല്ലെങ്കിലും തനിക്ക് തോന്നിയത് പറയുക മാത്രമാണ് ചെയ്തതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

വൈ.എസ്.ആറായി മെഗ്സാ‌റ്റാർ എത്തുന്ന ചിത്രം യാത്രയുടെ ടീസറിലൂടെയാണ് മമ്മൂട്ടി വീണ്ടും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് ടീസർ പുറത്തു വിട്ടത്. ഒരു മിനിട്ട് 12 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ തകർപ്പൻ പ്രകടനമാണ് മമ്മൂട്ടി കാഴ്‌ച വച്ചിരിക്കുന്നത്.

രാഷ്‌ട്രീയത്തിലേക്കുള്ള വൈ.എസ്.ആറിന്റെ കടന്നുവരവും തുടർന്നുള്ള സമരപരമ്പരകളുമാണ് ചിത്രതതിന്റെ ഇതിവൃത്തം. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി.രാഘവനാണ്. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈ.എസ്.ആറിന്റെ ജീവിതം മുഴുവനായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. ആന്ധ്രയുടെ രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിർമ്മാതാക്കൾ. 26 വർഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. 1992ൽ കെ.വിശ്വനാഥ് സംവിധാനം ചെയ്‌ത ‘സ്വാതി കിരണിലായിരുന്നു തെലുങ്കിൽ മെഗാസ്‌റ്റാർ ഒടുവിൽ അഭിനയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ