പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്ന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

Read More: സിമ്പിളും പവര്‍ഫുളുമായവര്‍: കലാഭവന്‍ ഷാജോണ്‍ പറയുന്നു

വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പ്രസന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും അദ്ദേഹം പറയുന്നു. ഒരുമാസം മുമ്പ് പ്രസന്ന സെറ്റില്‍ ജോയിന്‍ ചെയ്‌തെന്നും ഒരുമാസം കൂടി എടുത്താകും അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുക എന്നും ഷാജോണ്‍ പറയുന്നു.

ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും സംവിധായകന്‍ പറയുന്നു.

ഓണം റിലീസ് ആയാകും ബ്രദേഴ്‌സ് ഡേ തിയേറ്ററുകളില്‍ എത്തുക. ആദ്യ രണ്ട് പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയായിരുന്നു നേരത്തേ പ്രഖ്യാപനം നടത്തിയത്.

Read More: കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്: ‘ബ്രദേഴ്സ് ഡേ’യില്‍ പൃഥ്വിരാജ് നായകനാകും

‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറ്റൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്‌സ് ഡേ!”, പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook