തന്റെ പുതിയ ആഡംബര കാറിന് ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാനായി പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങൾ. 3 കോടിക്ക് മുകളിൽ വില വരുന്ന ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനിയുടെ ഹുറാക്കാൻ കാറിനുവേണ്ടിയാണ് 7 ലക്ഷം രൂപയ്ക്ക് പൃഥ്വിരാജ് നമ്പർ സ്വന്തമാക്കിയത്.

എറണാകുളം ആർടിഒ ഓഫീസിൽ നടന്ന ലേലത്തിലാണ് ‘KL 07 CN 1’ എന്ന നമ്പർ 7 ലക്ഷം രൂപ നൽകി പൃഥ്വി സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ പ്രതിനിധിയാണ് ലേലത്തിനെത്തിയത്. 5 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഒരു ലക്ഷം രൂപ ഫീസടച്ച് പൃഥ്വിരാജ് നേരത്തെ നമ്പർ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇതേ നമ്പറിന് 4 പേർ കൂടി ആവശ്യം അറിയച്ചതോടെയാണ് ലേലം നടത്താൻ തീരുമാനിച്ചത്.

10,000 രൂപയ്ക്കാണ് ലേലം വിളി തുടങ്ങിയത്. ഒടുവിൽ അഞ്ചര ലക്ഷം വരെ എത്തി. ഇതോടെ ആറുലക്ഷത്തിന് പൃഥ്വിരാജിന്റെ പ്രതിനിധി ലേലം വിളിച്ചു. തുടർന്ന് മറ്റുളളവർ ലേലത്തിൽനിന്ന് പിന്മാറി.

കഴിഞ്ഞ മാസം ബെംഗളൂരുവില്‍നിന്ന് ബുക്ക് ചെയ്ത വാഹനം ഏതാനും ദിവസങ്ങൾക്കു മുൻപാണ് പൃഥ്വിയുടെ വീട്ടില്‍ എത്തിയത്. 5000 സിസിയില്‍ 571 എച്ച്പി കരുത്തുള്ള വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook