പൃഥ്വിരാജിനേയും പാര്‍വ്വതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായിക റോഷ്നി ദിനകര്‍ ഒരുക്കിയ മൈ സ്റ്റോറി എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി. ‘കഥകള്‍.. ജീവന്റെ ഏടുകളില്‍..’ എന്നു തുടങ്ങുന്ന ഗാനം രണ്ടു മിനിറ്റും എട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ്.
മൈ സ്റ്റോറിയിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ യൂട്യൂബില്‍ ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു. പാര്‍വ്വതി അഭിനയിച്ച സിനിമ കാണില്ലെന്നും സിനിമയെ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്നുമെല്ലാമായിരുന്നു ഭീഷണി.
മമ്മൂട്ടി ചിത്രം കസബയെ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ വച്ച് വിമര്‍ശിച്ചതിനെ തുടര്‍ന്ന് പാര്‍വ്വതിക്കു നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിന്റെ ബാക്കിയെന്നോണമായിരുന്നു പാട്ടിനു നേരെയും ആക്രമണം. പൃഥ്വിരാജിനോട് സ്നേഹമാണെന്നും എന്നാല്‍ പാര്‍വ്വതിയോടുള്ള ദേഷ്യം കൊണ്ടാണ് തങ്ങള്‍ സിനിമ ബഹിഷ്കരിക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. പാര്‍വ്വതിയെ വച്ച് സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും മടിക്കുന്ന കാലം വിദൂരമല്ല എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ടായിരുന്നു.
അതേസമയം, എന്തുവന്നാലും ഈ സിനിമ കാണുമെന്നും പാര്‍വ്വതിയുടെ അഭിപ്രായപ്രകടനത്തില്‍ തെറ്റില്ലെന്നും പറഞ്ഞ് സിനിമയേയും പാട്ടിനേയും പിന്തുണയ്ക്കുന്ന ചെറിയൊരു കൂട്ടം ആളുകളേയും കമന്റ് ബോക്സുകളില്‍ കാണാം.
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന മുഖാമുഖത്തിലാണ് മമ്മൂട്ടി ചിത്രമായ കസബയെ പാര്‍വ്വതി പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാര്‍വ്വതി പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടിതമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്ക് നേരിടേണ്ടി വന്നത്.
പാര്‍വ്വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില് ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാര്‍വ്വതി തന്നെ രംഗത്തെത്തിയിരുന്നു.
പിന്നീട് ഈ ആക്രമണങ്ങള്‍ക്കെതിരെ പാര്‍വ്വതി നിയയമസഹായം തേടുകയും പാര്‍വ്വതിയുടെ പരാതിയെ തുടര്‍ന്ന് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.