മലയാളക്കരയെ മുറിവേല്‍പ്പിച്ച് മഹാപ്രളയം കലിതുള്ളി പാഞ്ഞുപോയപ്പോള്‍ ചേന്ദമംഗലത്തെ ജീവതങ്ങളുടെ ഇഴകളെക്കൂടിയായിരുന്നു പറിച്ചെടുത്തത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായ മേഖലയ്ക്ക് നേരിടേണ്ടി വന്നത്. നെയ്ത്തുകാരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഓണക്കാലത്തെക്കൂടിയാണ് പ്രളയജലം മുക്കിക്കളഞ്ഞത്. ഒന്നില്‍നിന്നും ജീവിതം ഇഴചേര്‍ത്തു തുടങ്ങാന്‍ ഇവര്‍ക്ക് കൈത്താങ്ങാകുകയാണ് സിനിമാ താരങ്ങളും.

‘വി ആര്‍ വിത്ത് യൂ ചേന്ദമംഗലം’ എന്ന ക്യാംപെയിനിന് തുടക്കം കുറിച്ചത് നടി പൂര്‍ണിമ ഇന്ദ്രജിത്താണ്. പിന്നീട് പാര്‍വ്വതി, മഞ്ജു വാര്യർ, കാളിദാസ് ജയറാം, പൃഥ്വിരാജ്, പ്രിയാ വാര്യര്‍, ഉത്തരാ ഉണ്ണി, ബോളിവുഡ് താരം ജാന്‍വി കപൂര്‍ തുടങ്ങി നിരവധി പേര്‍ ഈ ക്യാംപെയിനില്‍ അണി നിരന്നു.

പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ നന്ദനത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ചേന്ദമംഗലത്താണെന്നും അതിനാൽ തന്നെ പൃഥ്വിരാജിന് ഈ സ്ഥലവുമായി ഒരു ആത്മബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു കീഴെ ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്.

ചേന്ദംഗലത്തെ കൈത്തറി വ്യവസായത്തെ രക്ഷിച്ചെടുക്കുക എന്നതാണ് ഈ ക്യാംപെയിനിന്റെ ലക്ഷ്യം. 21 ലക്ഷം രൂപയുടെ സ്റ്റോക്ക് മുഴുവനായും നശിച്ചിരുന്നു. കൂടാതെ കോഴിക്കോട്ടേക്കും എറണാകുളത്തേക്കും അയച്ച 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റുപോകാതെ തിരിച്ചെത്തി. ഇവിടുത്തെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണ്.

ചേന്ദമംഗലത്തെ രക്ഷിച്ചെടുക്കാന്‍ ഓരോരുത്തരും തങ്ങളാലാകുന്നത് ചെയ്യുന്നുണ്ട്. കേടായ തുണിത്തരങ്ങളില്‍ നിന്നും ചെറിയ പാവകള്‍ ഉണ്ടാക്കുകയാണ് രണ്ടു സംരംഭകരായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും ചേര്‍ന്ന്. ചേകുട്ടി അഥവാ ചേന്ദമംഗലം കുട്ടി എന്നാണ് ഈ പാവകള്‍ക്ക് പേരിട്ടിരിക്കുന്നത്.

ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയെടുത്ത് പുനരുപയോഗിക്കാന്‍ കൈത്തറി യൂണിറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അതിനു കഴിയാത്തവയില്‍ നിന്നും വൊളണ്ടിയര്‍മാരുടെ സഹായത്തോടെ ചേകുട്ടി പാവകള്‍ നിര്‍മിക്കുകയും ഒരു പാവയ്ക്ക് 25 രൂപ വിലയില്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തുകയും ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പണം പൂര്‍ണമായി കൈത്തറി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook