മലയാള സിനിമയിൽ അപൂർവ്വമായൊരു സൗഹൃദം സൂക്ഷിക്കുന്ന നടന്മാരാണ് പൃഥ്വിരാജും ടൊവിനോ തോമസും. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ ഇരുവരും രസകരമായ കമന്റുകൾ നൽകാറുണ്ട്. ഇപ്പോഴിതാ, ടൊവിനോയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒരു വേദിയിൽ പൃഥ്വിരാജ് സംസാരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. “നിറയെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെയാണ് ഞങ്ങളുടെ ബന്ധം,” എന്നനാണ് ടൊവിനോയുമായുള്ള സൗഹൃദത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത്.
സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത ‘മധുര 18ൽ പൃഥ്വി’ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. “ഇവനേക്കാളും ഞാനിവന്റെ അപ്പന്റെ ഫാനാണ്,” എന്ന മുഖവുരയോടെയാണ് പൃഥ്വി സംസാരിച്ചുതുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’ ആണെന്നും അതിന് കാരണക്കാരനായത് പൃഥ്വിയാണെന്നും ടൊവിനോ പറഞ്ഞപ്പോഴാണ് ടൊവിനോയെ പരിചയപ്പെട്ട കഥ പൃഥ്വി ഓർത്തെടുത്തത്.
“ഒരു സിനിമാക്കഥ പോലെയാണ് അത്. സെവൻത് ഡേ’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുകയാണ്. ആദ്യം ആ സിനിമയിൽ ടൊവിനോയെ പ്ലാൻ ചെയ്തിരുന്നില്ല, മറ്റൊരു നടനാണ് ആ വേഷം ചെയ്യേണ്ടിയിരുന്നത്. എന്റെ സുഹൃത്താണ് ആ നടനും. എല്ലാം തീരുമാനിച്ച് ഷൂട്ട് തുടങ്ങാറായപ്പോൾ ആ നടൻ വന്നു പറഞ്ഞു, ചേട്ടാ… എനിക്കൊരു വലിയ തമിഴ് സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന്. “ഓകെ, സാരമില്ല, ഇത് ഞാൻ കൈകാര്യം ചെയ്തോളാം എന്നു പറഞ്ഞ് ആ കഥാപാത്രത്തിന് പകരക്കാരനായി മറ്റൊരാളെ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെയാണ് ‘എബിസിഡി’യിൽ വില്ലനായി അഭിനയിച്ച ഒരാളുണ്ട് എന്നറിയുന്നത്. അതൊന്നു കണ്ടുനോക്കാം എന്നു കരുതി. ഞാൻ ‘എബിസിഡി’ കാണുന്നത് ശരിക്കും ടൊവിനോയെ കാണാൻ വേണ്ടിയാണ്.”
“‘സെവൻത് ഡേയിൽ എനിക്ക് ഇവനെ ഇഷ്ടമായി. നല്ലൊരു ആക്റ്ററാണെെന്നു തോന്നി. പിന്നീട് ‘എന്ന് നിന്റെ മൊയ്തീൻ’ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വന്നത് ടൊവിനോയുടെ മുഖമാണ്. ഒരാളുടെ തീരുമാനം മാറിയപ്പോൾ വേറൊരാളുടെ ജീവിതത്തിൽ ഒരു പ്രധാന സിനിമ കിട്ടുക, ഇതൊക്കെ കരിയറിലെ തന്നെ ഒരു മാജിക് ആണ്.”
“സെവൻത് ഡേയിൽ ടൊവിനോ കാസ്റ്റ് ചെയ്യപ്പെട്ടു എന്നതുമാത്രമാണ് ഭാഗ്യം. അവിടം മുതൽ ഇവിടെ വരെ ബാക്കിയെല്ലാം ഇവന്റെ കഴിവും കഷ്ടപ്പാടുമാണ്. ‘സെവൻത് ഡേ’യിൽ ഇവൻ ചളമായിരുന്നെങ്കിൽ ഞാനിവനെ മൊയ്തീനിൽ വിളിക്കില്ല. മൊയ്തീനിൽ മോശമായിരുന്നെങ്കിൽ ആ സിനിമ കൊാണ്ട് ഇവന് ലൈഫിൽ ഒരു ഗുണവും ഉണ്ടാവുമായിരുന്നില്ല,” ടൊവിനോയുടെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ട് പൃഥ്വി പറഞ്ഞു.
“എന്നു നിന്റെ മൊയ്തീൻ തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം രാജുവേട്ടൻ വിളിച്ച് ഈ ചിത്രത്തിലെ ഏറ്റവും നല്ല രണ്ട് സീനുകളിൽ അഭിനയിക്കുന്നത് ഞാനല്ല, നീയാണ് എന്ന് എന്നോടു പറഞ്ഞു. ആ ചിത്രത്തിനു ശേഷമാണ് കണ്ടാലറിയുന്ന ഒരു നടൻ എന്നതിനപ്പുറത്തേക്ക് ആളുകൾ എന്റെ പേര് ഓർക്കാൻ തുടങ്ങിയത്,” മൊയ്തീൻ തന്ന ഭാഗ്യത്തെ കുറിച്ച് ടൊവിനോ പറഞ്ഞതിങ്ങനെ. “അതോടെയാണ് ഇവൻ ഓൾ കേരള നിരാശകാമുകൻ അസോസിയേഷൻ പ്രസിഡന്റ് ആയത്,” എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾക്ക് പൃഥ്വിയുടെ കമന്റ്.
Read more: ഈ കളി കൊള്ളാമെന്ന് പൃഥ്വി; പഠിക്കുന്ന കാലം മുതലുള്ള ശീലമാണെന്ന് ടൊവിനോ