മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത ഞായറാഴ്ച രാത്രി അദ്ദേഹം തന്നെയാണ് പ്രഖ്യാപിച്ചത്. അതു കേട്ടപ്പോള്‍ മുതല്‍ വലിയ പ്രതീക്ഷയിലാണ് സിനിമാലോകവും പ്രേക്ഷകരുമെല്ലാം. മോഹന്‍ലാലിന് ആശംസകൾ നേർന്ന് രംഗത്തു വന്നിരിക്കുകയാണ് മഞ്ജുവാര്യരും പൃഥിരാജും ടൊവിനോ തോമസുമെല്ലാം.
“ഒടുവിൽ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടൻ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാർത്തയുടെ ഉയിർപ്പ്. ലാലേട്ടന് ആശംസകൾ, അഭിനന്ദനങ്ങൾ,” എന്നാണ് മഞ്ജുവാര്യർ ഫെയ്സ്ബുക്കിലൂടെ ആശംസിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ച് മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ആശംസകളുമായി പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. “എനിക്കറിയാം ഈ സിനിമ എന്തിനെ കുറിച്ചാണെന്ന്. ഇതേക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണെന്നും എനിക്കറിയാം. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ. എല്ലാ ആശംസകളും നേരുന്നു. ഒപ്പം, ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാളത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് നന്ദി,” പൃഥ്വി കുറിച്ചു.
“ഗ്രേറ്റ് ന്യൂസ് ലാലേട്ടാ… കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു,” മോഹൻലാലിന്റെ സിനിമാ സംവിധാന സംരംഭത്തിൽ സന്തോഷം രേഖപ്പെടുത്തി ടൊവിനോ തോമസ് പറയുന്നതിങ്ങനെ.
‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുക. ഒരു ത്രിഡി ചിത്രമായിരിക്കും ഇത്. വാസ്കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.
“ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. പ്രിയപ്പെട്ടവേര, ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു,” മോഹന്‍ലാല്‍ പറയുന്നു.
Read More: മോഹന്‍ലാല്‍ ഇനി സംവിധായകന്: ഒരുങ്ങുന്നത് ബിഗ് ബജറ്റ് ത്രിഡി ചിത്രം
‘ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസ്സിലേക്ക് എത്തിയതെന്നും’ അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ തന്നെയാകും ബറോസ്സ് ആവുക. നവോദയയുമൊത്താകും ചിത്രം തയ്യാറാക്കുക.