പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥിരാജ് നായകനാവുന്ന ‘9’ന്റെ ട്രെയിലറെത്തി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് മുൻപു തന്നെ വെളിപ്പെടുത്തിയിരുന്നു. മകന്റെ ഭയം മാറ്റാൻ ശ്രമിക്കുന്ന അച്ഛനെയാണ് ട്രെയിലറിലും കാണാൻ കഴിയുന്നത്. പൃഥിരാജിനൊപ്പം മാസ്റ്റർ അലോകും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് ‘നയൻ’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥിരാജ് പരിചയപ്പെടുത്തുന്നത്. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭമാണ് നയൻ. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘നയൻ’ നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ജോലികൾ പൂർത്തിയായതായി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ലൈവിലൂടെ പൃഥിരാജ് അറിയിച്ചിരുന്നു. ജനുവരി ഒമ്പതിന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുമെന്നും പൃഥിരാജ് പറയുന്നു. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

Read more: ഞാനാദ്യം ചെയ്യാനിരുന്ന സിനിമ ‘ലൂസിഫർ’ അല്ല: പൃഥിരാജ്

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ചിത്രത്തിലെത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ‘നയൻ’ സംവിധാനം ചെയ്തിരിക്കുന്നത് എ ജീനസ് മൊഹമ്മദാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘100 ഡേയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജീനസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘നയന്‍’. ജീനസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: ആൽബർട്ട് എന്ന കാവൽമാലാഖ; ‘നയനി’ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥിരാജ്

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കും. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകൻ. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്. ‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, മനാലി, ഹിമാചൽ പ്രദേശ് എന്നീ സ്ഥലങ്ങളെല്ലാം തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook