പൃഥ്വിരാജ് സ്വതന്ത്രമായി നിർമ്മിക്കുന്ന 9 എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സിനിമ അതിന്റെ പൂർണ്ണതയിൽ എത്താത്തത് കൊണ്ടാണ് റിലീസ് തിയതി മാറ്റുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2019 ഫെബ്രുവരി ഏഴിനാകും ചിത്രം തിയറ്ററുകളിൽ എത്തുക. നേരത്തെ ഈ വർഷം നവംബർ 16നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയിലർ ഡിസംബറിലെത്തുമെന്നും താരം അറിയിച്ചു.
മുംബൈയിലെ ഫേസ്ബുക്ക് ഓഫിസിൽ നിന്നുമായിരുന്നു താരം ലൈവിൽ എത്തിയത്. അഞ്ച് മണിക്ക് ലൈവിൽ എത്തുമെന്ന് ആരാധകരെ നേരത്തെ അറിയിച്ച താരം എന്നാൽ എത്താൻ വൈകിയിരുന്നു. ഇതിന് കാരണം കിങ് ഖാൻ ഷാരൂഖാണെന്നും താരം പറഞ്ഞു. ഇന്ന് ഷാരൂഖിന്റെ പിറന്നാൾ ആയതിനാൽ വലിയ തിരക്കായതിനാലാണ് പൃഥ്വി എത്താൻ വൈകിയത്
അച്ഛന്റെയും മകന്റെയും കഥ പറയുന്ന 9 ഒരു ഹൊറർ – സയൻസ് ഫിക്ഷൻ ചിത്രമാകുമെന്ന് പൃഥ്വി രാജ് കൂട്ടിച്ചേർത്തു. പ്രകാശ് രാജ്, മംമത മോഹൻദാസ് ഗോദ്ധ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ വാമിഖ ഗബ്ബി തുടങ്ങിയ വലിയ താരനിര തന്നെ നൈനിൽ അണിനിരക്കുന്നു.
താൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ലൂസിഫറിനെ കുറിച്ചും പൃഥ്വി വാചാലനായി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ലാലേട്ടനൊപ്പം സിനിമ ചെയ്യാൻ സാധിക്കുന്നതിലുള്ള സന്തോഷവും പങ്കുവെച്ചു.
ആടുജീവിതത്തിന്റെ ചിത്രികരണം ലൂസിഫറിന് ശേഷം പുനരാരംഭിക്കും. റഹ്മാൻ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ആടുജീവിതം. അദ്ദേഹം ചിട്ടപ്പെടുത്തിയ ഒരു ഗാനത്തിന്റെ ചിത്രികരണം ഉൾപ്പടെ ഷൂട്ട് ചെയ്തു കഴിഞ്ഞു. പൃഥ്വിരാജ് പറഞ്ഞു.