ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ഊട്ടിയില്‍ പുരോഗമിക്കുന്നു. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനോടകം സിനിമയുടെ സെറ്റിൽ എത്തിക്കഴിഞ്ഞു.

കൂടുതല്‍ വായിക്കാം: യുവതാരനിരയുമായി അഞ്ജലി മേനോന്‍ ചിത്രം

Actor Prithviraj Sukumaran

പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കൂടാതെ നസ്രിയ നസീമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവാഹത്തിന് ശേഷം നസ്രിയ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്‍.  പുതിയ ചിത്രത്തിന്‍റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വഹിക്കുന്നത്.  രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൂടുതല്‍ വായിക്കാം: നസ്രിയ വീണ്ടും വെള്ളിത്തിരയിലേക്ക്

Anjali Menon's latest starts rolling in Ooty

സിനിമയുടെ പൂജ

പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.  ചിത്രത്തിന്‍റെ ക്യാമറ ലിറ്റില്‍ സ്വയംപ്.  പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്.  ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേർന്നൊരുക്കുന്നു.  ഗാനരചന റഫീക്ക് അഹമ്മദ്.

കൂടുതല്‍ വായിക്കാം: ലിറ്റില്‍ സ്വയംപ് അഭിമുഖം

Director Anjali Menon with lyricist Rafeek Ahamed and Composer M Jayachandran

അഞ്ജലി മേനോന്‍, റഫീക്ക് അഹമ്മദ്, എം ജയചന്ദ്രന്‍

ആദ്യ ചിത്രമായ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. മഞ്ചാടിക്കുരുവില്‍ അതിഥി വേഷത്തിലെത്തിയ പൃഥ്വി ചിത്രത്തിലെ കഥ പറച്ചിലുകാരന്‍ കൂടിയായിരുന്നു. വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍ പൃഥ്വി അവതരിപ്പിച്ചത്. വിക്കിയുടെ ഓര്‍മ്മകളിലൂടെയായിരുന്നു ഈ ചിത്രം. അഞ്ജലിയുമൊന്നിച്ചുള്ള പുതിയ ചിത്രത്തില്‍ തന്‍റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ 12നും 15നും ഇടയിലുള്ള ആണ്‍കുട്ടിയെ തിരയുന്നുവെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് നേരത്തേ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

Anjali Menon

മലയാളി പ്രേക്ഷകരുടെ പള്‍സറിയാവുന്ന സംവിധായികയാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു എന്ന തന്‍റെ ആദ്യ സിനിമയിലൂടെ ഗൃഹാതുരതയും ബന്ധങ്ങളുടെ മൂല്യവും അനുഭവപ്പെടുത്തിയ അഞ്ജലി മേനോന്‍ രണ്ടാം ചിത്രത്തില്‍ തിരക്കഥാകൃത്തിന്‍റെ റോളിലായിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദ് ചിത്രം. മൂന്നാമത്തെ സംവിധാന സംരംഭത്തില്‍ മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള വിജയവും അഞ്ജലി സ്വന്തമാക്കി.

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂള്‍ ഡേയ്‌സിലൂടെ മലയാളത്തിലെ മുന്‍നിര യുവതാരങ്ങളായ ഫഹദും ദുല്‍ഖറും നിവിനും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്സില്‍ പാര്‍വതിയും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. പിന്നീട് മറ്റു ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Actors Fahad Fazil and Nasriya Nasim

ഫഹദും നസ്രിയയും

നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരാകാന്‍ തീരുമാനിച്ചത് ബാംഗ്ലൂര്‍ ഡേയ്സ് ചിത്രീകരണത്തിനിടയിലാണ്.  2014 ലില്‍ ഇവര്‍ വിവാഹിതരായി.  അതോടെ സിനിമാ ജീവിതത്തിന് ഒരിടവേള നല്‍കിയ നസ്രിയ അഞ്ജലിയുടെ തന്നെ അടുത്ത ചിത്രത്തില്‍ തിരിച്ചു വരുന്നു എന്നതും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

ചിത്രത്തിന്‍റെ റിലീസ് തീരുമാനമായില്ല.  ഊട്ടി കൂടാതെ ഗള്‍ഫ്‌ രാജ്യത്തും ചിത്രീകരണം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  റോഷന്‍ മാത്യു, സിദ്ധാര്‍ത് മേനോന്‍,  മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഭിനയിക്കുന്നു.  കലാസംവിധാനം അരവിന്ദ് അശോക്‌ കുമാര്‍, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook