ടീസറും ടൈറ്റില്‍ ട്രാക്കും ഇറങ്ങിയപ്പോള്‍ മുതല്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ പൃഥ്വിരാജിന്റെ ‘രണം’ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ടൈറ്റില്‍ ട്രാക്കിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ‘ഇനിയെന്നു കാണും ഞാന്‍’ എന്ന ഗാനത്തില്‍ തമിഴും ഇംഗ്ലീഷും മിക്‌സ് ചെയ്താണുള്ളത്.

ചിത്രം സെപ്റ്റംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ് അറിയിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിനു റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ പറയുന്നു.

‘രണ’ത്തിന്റെ ചിത്രീകരണം യുഎസില്‍ വച്ചായിരുന്നു നടന്നത്. ചിത്രീകരണം കഴിഞ്ഞ് സെന്‍സറിങ്ങും പൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ പറയുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് രണത്തിന് ലഭിച്ചിരിക്കുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.

മുംബൈ പൊലീസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണിത്. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റ്യന്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

ശ്യാമപ്രസാദിന്റെ ചിത്രം ‘ഇവിടെ’യ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന ക്രോസ് ഓവര്‍ സിനിമ എന്നാണ് ‘രണ’ത്തെ പൃഥ്വി വിശേഷിപ്പിച്ചിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

പൃഥ്വിരാജ് ചിത്രം ‘ഇവിടെ’യില്‍ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായിരുന്ന, ‘മണ്‍സൂണ്‍ മാംഗോസി’ല്‍ ചീഫ് അസോസിയേറ്റായിരുന്ന ആളാണ് സംവിധായകന്‍ നിര്‍മല്‍ സഹദേവ്. ശ്യാമപ്രസാദിന്റെ പുതിയ ചിത്രം ഹേയ് ജൂഡിന് തിരക്കഥയൊരുക്കിയതും നിര്‍മലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ