പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘9’ന്റെ ചിത്രീകരണം നാളെ(ഏപ്രില്‍ 9) ആരംഭിക്കും. ചിത്രത്തിന്റെ പേര് നേരത്തേ തന്നെ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചിരുന്നു. ജെനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വി തന്നെയായിരിക്കും. മറ്റു അഭിനേതാക്കളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേര്‍സ് കൈകോര്‍ക്കുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിര്‍മ്മാണത്തിലേക്കും സോണി പിക്‌ചേര്‍സ് കടക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി കൈകോര്‍ത്തതിനെക്കുറിച്ച് സോണി പിക്‌ചേര്‍സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook