അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് പ്രണാമം അര്‍പ്പിച്ച് പൃഥ്വിരാജ്. ഇരുവരും ഒന്നിച്ചഭിനയിച്ച സന്ദർഭത്തെ അനുസ്മരിച്ചു കൊണ്ടാണ് പൃഥ്വി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
“ഇന്ത്യന്‍ സിനിമയ്ക്ക് ഇത് സങ്കടകരമായ ഒരാഴ്ച. ഋഷി സാറിനു വിട. ‘ഔറംഗസേബ്’ എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഒപ്പം സമയം ചെലവിടാന്‍ സാധിച്ചതിനു നന്ദിയുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരായത് കൊണ്ട് എന്നെ പേര് പറഞ്ഞു വിളിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങയെ ഞങ്ങള്‍ മിസ്സ് ചെയ്യും സാര്‍,” പൃഥ്വി കുറിച്ചു.
പൃഥ്വിരാജിന്റെ പത്നിയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനും ഋഷി കപൂറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
“അഭിനയ ഇതിഹാസം ഋഷി കപൂര്‍ ഇനിയില്ല. അദ്ദേഹത്തിന്റെ അഭിനയം, നൃത്തച്ചുവടുകള്‍, നിറമുള്ള സ്വെറ്ററുകള്‍, ചുമലുകളില്‍ അലസമായി കിടക്കുന്ന ഷോള്‍ എല്ലാം തലമുറകളെ സന്തോഷിപ്പിച്ചു. ‘ഔറംഗസേബ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അദ്ദേഹത്തെയും കുടുംബത്തെയും പരിചയപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യം. ആത്മാവിനു നിത്യശാന്തി നേരുന്നു, കുടുംബത്തിനു ആ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.”
Read Here: ഞാന്‍ തകര്‍ന്നു: ഋഷി കപൂറിന്റെ വിയോഗത്തില്‍ വിലപിച്ച് അമിതാഭ് ബച്ചന്‍