പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിൽനിന്നുളള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മോഹൻലാലിന്റെ മുഖം കാണിക്കാതെയുളള പോസ്റ്റർ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ചിത്രത്തെക്കുറിച്ചുളള അപ്ഡേഷനുകൾ പൃഥ്വി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സിനിമയുടെ ചിത്രീകരണം മഴ കാരണം മുടങ്ങിയതിനക്കുറിച്ചും പൃഥ്വി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മൾട്ടിപ്പിൾ ക്യാമറകൾ സെറ്റ് ചെയ്ത് ഷൂട്ടിങ് തുടങ്ങാനിരിക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. മുഴുവൻ ടീമിനെയും ദിവസം മുഴുവൻ മഴ കാത്തിരിപ്പിച്ചുവെന്നും പൃഥ്വി പറയുന്നു.

അതിനിടെ, പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ആദ്യമായി കൈകോർക്കുന്ന 9 സിനിമയുടെ ഡബ്ബിങ് തുടങ്ങി. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് കൈകോര്‍ത്തത്.

And we start Dubbing 9#FirstProduction#PrithvirajProductions#SonyPictures

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

9 ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കും. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത സയന്‍സ് ഫിക്ഷന്‍ ജോണര്‍ വിഭാഗത്തില്‍ വലിയൊരു ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്.

പൃഥ്വിരാജ് ആണ് 9 ൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. നിത്യാ മോനോനും പാര്‍വ്വതിയും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അധികം വൈകാതെ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook