നടനില്‍ നിന്നും സംവിധായകന്റെ റോളിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കിയാണ് പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫർ’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി ഏറെ നാളുകള്‍ക്കു ശേഷം ലൈവില്‍ വന്നിരിക്കുകയാണ് പൃഥ്വി.

ഒരു പൊലീസ് വാഹനത്തിലിരുന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തത്. താനിപ്പോള്‍ ‘ലൂസിഫറി’ന്റെ ലൊക്കേഷനിലാണെന്നും ചിത്രീകരണം പുരോഗമിക്കുകയാണെന്നും പൃഥ്വി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ലൂസിഫര്‍ ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം നിറയെ ജനക്കൂട്ടത്തെ പ്രേക്ഷകര്‍ കണ്ടിരിക്കും, അത് ലാലേട്ടന്‍ നായകനാകുന്ന ചിത്രമായതുകൊണ്ടുമാത്രല്ല, മറിച്ച് അത്തരത്തില്‍ ജനക്കൂട്ടത്തിന്റെ ആവശ്യമുള്ളൊരു സിനിമയായതുകൊണ്ടുകൂടി ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. അഭിനയത്തേക്കാള്‍ ഗൗരവവും തീവ്രതയുമേറിയ ജോലിയാണ് സംവിധാനമെന്ന് തനിക്കിപ്പോള്‍ മനസിലാകുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു.

ലൂസിഫറില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. കൂടാതെ ടൊവിനോ തോമസ്, ഇന്ദ്രജിത്, ബോളിവുഡ് താരം വിവേക് ഒബ്റോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലായിരുന്നു.

നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ‘രണ’മാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രണം ഒരു ആക്ഷന്‍ സിനിമയല്ല, മറിച്ച് ബന്ധങ്ങളെക്കുറിച്ചു സംസാരിക്കുന്ന ചിത്രമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തെ സ്വീകരിക്കുകയും നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നതോടൊപ്പം കാണാത്തവര്‍ എത്രയും പെട്ടെന്ന് തിയേറ്ററില്‍ പോയി ചിത്രം കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇഷാ തല്‍വാറാണ് രണത്തിലെ നായിക. മുംബൈ പൊലീസിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിച്ച ചിത്രം കൂടിയാണ് രണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook