മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ തിയേറ്ററുകളിലെത്താൻ ഇനി ഒരേ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, വലിയൊരു സർപ്രൈസ് കൂടി പ്രേക്ഷകർക്കായി സമ്മാനിക്കുകയാണ്. സംവിധായകനായ പൃഥിരാജും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന കാര്യമാണ് അണിയറപ്രവർത്തകർ കാത്തുവച്ച ആ സർപ്രൈസ്. സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്.

വൻതാരനിരയുള്ള ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ 26 ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യുകയായിരുന്നു ലൂസിഫർ ടീം. എന്നാൽ മുൻപു പറയാത്ത, ഒരു സർപ്രൈസ് കഥാപാത്രത്തെ കൂടി ഉടനെ പരിചയപ്പെടുത്തും എന്ന് ലൂസിഫർ ടീം ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായ ആ പ്രഖ്യാപനം
അൽപ്പം കൗതുകത്തോടെയാണ് പ്രേക്ഷകർ കേട്ടത്.

ആരാവും ആ ഇരുപത്തിയേഴാമൻ എന്ന ചർച്ചകൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ്. പൃഥിരാജും മുതൽ മമ്മൂട്ടിയും അമിതാഭ് ബച്ചനും ആന്റണി പെരുമ്പാവൂരും KLT 666 നമ്പറിലുള്ള ബ്ലാക്ക് അമ്പാസിഡർ കാറുവരെയാവാം ആ ഇരുപത്തിയേഴാമനാവാം എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരുന്നത്.

പൃഥിരാജ് ആയിരിക്കാം ആ 27-ാമൻ എന്ന രീതിയിലായിരുന്നു കൂടുതൽ പേരുടെയും പ്രതികരണങ്ങൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ അത്തരത്തിലുള്ള സൂചനകൾ നൽകുന്നതായിരുന്നു. എന്നാണ് മോഹന്‍ലാലിനെയും പൃഥ്വിയെയും ഒരുമിച്ചു സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്ന ചോദ്യത്തിന് ‘അടുത്ത് തന്നെ, വളരെ അടുത്ത് തന്നെ അത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം’ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫൻ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്.

Read more: ലൂസിഫർ ഹിറ്റ് ആവാൻ 101 കലം പൊങ്കാല നേർന്ന് മോഹൻലാലിന്റെ ആരാധികമാർ

സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook