താരാരാധനയുടെ നിരവധിയേറെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഹൃദയം തൊടുന്ന ഒരു കഥയാണ് പത്തനാപുരം സ്വദേശി കവിതയ്ക്ക് പറയാനുള്ളത്. കാഴ്ചശേഷി പൂർണമായും നഷ്ടമാകും മുൻപ് കവിത ആഗ്രഹിച്ചത് തന്റെ പ്രിയതാരത്തെ ഒന്നു നേരിൽ കാണാൻ. കവിതയുടെ ആഗ്രഹം ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പൃഥ്വിയെ അറിയിച്ചതോടെ കവിതയുടെ സ്വപ്നം സഫലമായി. തന്റെ ആരാധികയെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന പൃഥ്വിരാജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

രാജീവ് മലയാലപ്പുഴ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് കവിതയുടെ താരാരാധനയുടെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും കഥ ലോകമറിഞ്ഞത്.

പൃഥ്വിരാജ് ആണ് പത്തനാപുരം സ്വദേശിയായ കവിതയുടെ പ്രിയതാരം. ‘നന്ദനം’ മുതൽ അവസാനം പുറത്തിറങ്ങിയ ‘ഡ്രൈവിംഗ് ലൈസൻസ്’ വരെ എല്ലാ ചിത്രങ്ങളും കവിത കണ്ടിട്ടുണ്ട്. കാഴ്ചയെ ബാധിക്കുന്ന വിധത്തിൽ ഞരമ്പിന്റ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന അസുഖമുള്ള കവിതയുടെ ഏറ്റവും വലിയ ആഗ്രഹം, പൂർണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുൻപ് തന്റെ പ്രിയതാരത്തെ നേരിൽ കാണുക എന്നതായിരുന്നു. വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചപ്പോഴും പ്രതീക്ഷ കൈവിടാതെ കവിത തന്റെ സ്വപ്നത്തെ മുറുകെ പിടിച്ചു.

‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ചടയമംഗലം ജടായുപ്പാറയിൽ പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞപ്പോൾ കവിത പൃഥ്വിയെ കാണാൻ ശ്രമിച്ചു. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വഴി ഇക്കാര്യമറിഞ്ഞ പൃഥ്വി കവിതയെ കാണുകയും കൂടെനിന്ന് ചിത്രമെടുക്കുകയും ചെയ്തു.

Read more: അല്ലിമോൾക്ക് ഏറ്റവുമിഷ്ടമുള്ള കാര്യം, എനിക്കൊട്ടും ഇഷ്ടമില്ലാത്തതും; പൃഥ്വിരാജ് പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook