കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിൽ മാധവിക്കുട്ടിയുടെ കഥാപാത്രമാകേണ്ടിയിരുന്നത് ബോളിവുഡ് സൂപ്പർ താരം വിദ്യാ ബാലനായിരുന്നു. എന്നാൽ പിന്നീട് വിദ്യ ആ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. മലയാളിയായിട്ടും ഇതുവരെ വിദ്യാ ബാലന് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായല്ല വിദ്യാ ബാലന് ഒരു മലയാള ചിത്രം മുടങ്ങിപ്പോകുന്നത്. അതും കമലിന്റെ തന്നെ സംവിധാനത്തിൽ.

വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നത് വിദ്യാ ബാലനും മോഹൻലാലും ദിലീപുമായിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ലോഹിതദാസ് ആയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം നിന്നു പോകുകയായിരുന്നു. പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനേയും പ്രധാനകഥാപാത്രങ്ങളാക്കി ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്തു.

Read More: ആരാധകന്റെ ശല്യം സഹിക്കാനാവാതെ വിദ്യാ ബാലൻ രോഷാകുലയായി

ചന്ദ്രഹാസൻ എന്ന ലോറി ഡ്രൈവറുടേയും ഇന്ദ്രാണി എന്ന പെൺകുട്ടിയുടേയും പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കിട്ടു അമ്മിണി ആർട്സിന്റെ ബാനറിൽ കൃഷ്ണദാസ് നിർമ്മാണം ചെയ്ത ഈ ചിത്രം ടെറ്റ്കോ ഇന്റർനാഷണൽ ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും ലോഹിതദാസ് തന്നെയായിരുന്നു.

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആയിരുന്നു. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സെഞ്ച്വറി സിനി വിഷൻ വിപണനം ചെയ്തിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം ആമിയിലൂടെ വിദ്യാ ബാലൻ മലയാളത്തിലേക്ക് എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് വിദ്യ പിന്മാറിയത്. രാഷ്ട്രീയ പരമായ വ്യത്യാസങ്ങളും മറ്റുമാണ് വിദ്യയുടെ പിന്മാറ്റത്തിന് കാരണമായി കരുതപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook