scorecardresearch
Latest News

പെട്ടെന്ന് പൃഥ്വി കാൽതെന്നി വീണു; അപകടത്തിന്റെ അറിയാക്കഥ പറഞ്ഞ് നിർമാതാവ് രഞ്ജിത്ത്

കാൽ ഒട്ടും അനക്കാൻ കഴിയാത്ത രീതിയിൽ താഴെ കിടക്കുകയായിരുന്നു രാജു. ഞങ്ങളെല്ലാവരും എടുത്തുയർത്തുകയായിരുന്നു. ഇന്നിനി ഷൂട്ട് ചെയ്യേണ്ട എന്നു പറഞ്ഞിട്ടും രാജു സമ്മതിച്ചില്ല

പെട്ടെന്ന് പൃഥ്വി കാൽതെന്നി വീണു; അപകടത്തിന്റെ അറിയാക്കഥ പറഞ്ഞ് നിർമാതാവ് രഞ്ജിത്ത്

സിനിമയോടുള്ള പൃഥ്വിരാജിന്റെ പാഷനും ആത്മാർപ്പണവും പല തവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ബ്ലെസിയുടെ ‘ആടുജീവിത’ത്തിനു വേണ്ടി ഡയറ്റ് ചെയ്ത് മുപ്പതു കിലോയോളം പൃഥ്വിരാജ് കുറച്ചത് ആ ആത്മാർപ്പണത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. വർഷങ്ങൾക്കു മുൻപ് സിനിമയോടുള്ള പൃഥ്വിരാജിന്റ ഡെഡിക്കേഷന കണ്ട് അമ്പരന്ന ഒരു കഥ പറയുകയാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത്. ‘മേക്കപ്പ്മാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജ് വീണ് കാലിന് പരിക്കുപറ്റിയെങ്കിലും അതു വകവയ്ക്കാതെ ഷൂട്ടിംഗ് മുന്നോട്ടു കൊണ്ടുപോവാനാണ് സംവിധായകനോടും തന്നോടും പൃഥ്വി ആവശ്യപ്പെട്ടതെന്ന് ഓർത്തെടുക്കുകയാണ് രഞ്ജിത്ത്.

ജയറാം, ഷീല കൗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ‘മേക്കപ്പ് മാനിൽ’ അതിഥിതാരങ്ങളായി എത്തിയതായിരുന്നു പൃഥ്വിരാജും കുഞ്ചാക്കോബോബനും. രജപുത്ര രഞ്ജിത്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്.

“എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നു അത്. ആ സിനിമയുടെ അവസാനഭാഗങ്ങളും ഒരു പാട്ടുസീനും ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയാണ് ഷൂട്ടിംഗ് നടക്കുന്നത്. റാമോജി റാവു ഫിലിം സിറ്റിയുടെ മുന്നിലൊരു ഫൗണ്ടൻ ഉണ്ട്. വളരെ വീതി കുറഞ്ഞ ഒരു ഏരിയയാണ്, അവിടെ ഡാൻസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ രാജു താഴെ വീണു. കാൽ ഒട്ടും അനക്കാൻ കഴിയാത്ത രീതിയിൽ താഴെ കിടക്കുകയായിരുന്നു. ഞങ്ങളെല്ലാവരും എടുത്തുയർത്തുകയായിരുന്നു. ഇന്നിനി ഷൂട്ട് ചെയ്യേണ്ട എന്നു പറഞ്ഞിട്ടും രാജു സമ്മതിച്ചില്ല. കുറച്ചു പോർഷൻ കൂടിയല്ലേ ഉള്ളൂ ചേട്ടാ, അതുകൂടി കഴിഞ്ഞാൽ തീരുമല്ലോ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. വേണ്ട റിസ്ക് ആണെന്ന് ഞങ്ങളെല്ലാവരും പറഞ്ഞിട്ടും പൃഥ്വി കേട്ടില്ല.”

“ഒരു കാരണവശാലും നാളെ എനിക്ക് അഭിനയിക്കാൻ പറ്റിയെന്നു വരില്ല, ചിലപ്പോൾ കുറച്ചു ദിവസത്തേക്ക് തന്നെ അഭിനയിക്കാൻ പറ്റില്ല. കാല് റെഡിയാവാൻ സമയം എടുക്കും. സാരമില്ല, നമുക്ക് ഇപ്പോൾ തന്നെ എടുക്കാം,” എന്നായിരുന്നു പൃഥ്വി. അങ്ങനെ പൂർത്തിയാക്കിയ രംഗമാണത്.”

“പിറ്റേദിവസം പൃഥ്വിയുടെ കാലിനു നീരു വന്നു, കുറച്ചു ദിവസം കാൽ അനക്കാൻ പറ്റാതെയായി. ഭാഗ്യത്തിന് പൊട്ടലുണ്ടായില്ല. ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ, ചെറിയ കാര്യങ്ങൾ പോലും ഒരു സിനിമയ്ക്ക് എത്രത്തോളം നഷ്ടം വരുത്തും എന്നറിയുന്ന ഒരാളാണ് പൃഥ്വിരാജ്. സെൻസുള്ള, സ്നേഹമുള്ള ചെറുപ്പക്കാരനാണ് പൃഥ്വിരാജ്. നിർമാതാവിനോട് അത്രയും നീതി പുലർത്തുന്ന ഒരു നടൻ. ചെറുപ്പക്കാർ കണ്ടു പഠിക്കണം. നിഷേധിയാണ്, മുൻകോപിയാണ് എന്നൊക്കെ പലരും പറയുമെങ്കിലും ഞാനവരോട് പറയും, പൃഥ്വിരാജ് നല്ലൊരു മനുഷ്യനാണെന്ന്.” രഞ്ജിത്ത് പറയുന്നു.

Read more: മച്ചാനേ, ഡെഡിക്കേഷൻ ലെവൽ പൊളിയെന്ന് സോഷ്യൽ മീഡിയ; ശ്രദ്ധ നേടി പൃഥ്വിയുടെ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj makeup man movie accident video