scorecardresearch

Latest News

പൃഥിരാജിന് ഫോട്ടോഗ്രാഫിക് മെമ്മറിയാണ്: മാലാ പാർവ്വതി

“രാജു മറ്റാരുമായും മത്സരിക്കുന്നില്ല, മത്സരം അവനവനോട് തന്നെയാണ്. സ്വന്തം ലിമിറ്റുകളിൽ നിന്നും പുറത്തുകടക്കാനാണ് ശ്രമിക്കുന്നത്. അവനവന് തന്നെയാണ് മാർക്കിടുന്നത്”

“സിനിമയെ ശ്വാസം പോലെ കൊണ്ടുനടക്കുന്ന നടനാണ് പൃഥിരാജ്, ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്റെ പ്രത്യേക,” ‘കൂടെ’, ‘പാവാട’ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൃഥിരാജിനൊപ്പം ഒന്നിച്ച് അഭിനയിച്ച നടി മാലാ പാർവ്വതിയുടേതാണ് ഈ നിരീക്ഷണം.

“രാജുവിന്റെ മത്സരം രാജുവിനോട് തന്നെ. ഇത്രയും ഇന്റലിജന്റ് ആയ ഒരാളെ ഞാൻ കണ്ടിട്ടില്ല. ഫോട്ടോഗ്രാഫിക് മെമ്മറിയാണ് രാജുവിന്. ഷൂട്ട് ചെയ്തോണ്ടിരിക്കുമ്പോൾ ആ ലൈറ്റ് ഓഫായി, ഇന്ന പവർ ഓഫായി, ബേബി ലൈറ്റ് ഓഫായി, ജൂനിയർ ഓഫായി എന്നൊക്കെ പറയും. നമുക്ക് ഒരെത്തും പിടിയും കിട്ടില്ല, ഏതു ലൈറ്റിനെ കുറിച്ചാ പറയുന്നതെന്ന്. ശ്വാസം പോലെ സിനിമയെ കൊണ്ടുപോകുന്ന ഒരാളാണ് രാജു. രാജു മറ്റാരുമായും മത്സരിക്കുന്നില്ല, മത്സരം അവനവനോട് തന്നെയാണ്. സ്വന്തം ലിമിറ്റുകളിൽ നിന്നും പുറത്തുകടക്കാനാണ് ശ്രമിക്കുന്നത്. അവനവന് തന്നെയാണ് മാർക്കിടുന്നത്. അതാണ് രാജുവിന്റെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്,” മാലാ പാർവ്വതി പറയുന്നു.

റെഡ്​ എഫ്എം സംഘടിപ്പിച്ച ‘പൃഥിവിരാജിന്റെ കൂടെ’ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മാലാ പാർവ്വതിയുടെ ഈ നിരീക്ഷണം. വേദിയിൽ പൃഥിരാജിനൊപ്പം പ്രൊഡ്യൂസർ രജപുത്ര രഞ്ജിത്തും ഉണ്ടായിരുന്നു. പരിപാടിയ്ക്കിടെ തന്നോട് ചോദ്യങ്ങൾ ചോദിച്ചവർക്കെല്ലാം പൃഥിരാജ് ഉത്തരമേകി.
ഏറെ പ്ലാനിംഗോടെ ജീവിതത്തെ നോക്കി കാണുന്ന ആളാണല്ലോ പൃഥിരാജ് എന്ന ചോദ്യത്തിന് അത്ര വലിയ പ്ലാനിംഗ് ഒന്നുമുള്ള ആളല്ല ഞാൻ എന്നായിരുന്നു താരത്തിന്റെ മറുപടി. “വലിയ പ്ലാനിംഗ് ഉള്ള​ ആളല്ല. ജീവിതം സിമ്പിൾ ആയി വെയ്ക്കാൻ ഞാനാഗ്രഹിക്കാറുണ്ട്. അത്ര വലിയ വിദ്യഭ്യാസവും എനിക്കില്ല. 12-ാം ക്ലാസ്സ് കഴിഞ്ഞ് കോളേജിൽ ചേർന്നു. രണ്ടുവർഷം മുൻപ് അവിടുന്ന് ഡ്രോപ്പ് ഔട്ടായി, സിനിമയിൽ വന്നു. വിദ്യഭ്യാസം പാതിവഴിയിൽ ആയിപ്പോയി. സിനിമ മാത്രമേ എനിക്കറിയൂ. അതിന്റെ ഒരു ക്ലാരിറ്റി ചിലപ്പോൾ ഉണ്ടാവാം,” പൃഥിരാജ് മറുപടി നൽകി.

സൈനിക് സ്കൂൾകാലത്തെ കുറിച്ചുള്ള​ ചോദ്യത്തിന്, ” ഞാൻ ആക്ച്വലി തടിയൊക്കെയുള്ള ഒരു മടിയൻ ചെക്കനായിരുന്നു. സൈനിക് സ്കൂളിലെത്തിയപ്പോൾ ആണെങ്കിൽ, അഞ്ച് മണിക്ക് സൈറൺ കേൾക്കുമ്പോൾ ഉണരണം, വ്യായാമം ചെയ്യണം. മടികൊണ്ട് അവിടുന്ന് ഇറങ്ങി ഓടിയാലോ എന്നൊക്കെ തോന്നിയിരുന്നു ആദ്യം. പിന്നീട് എല്ലാ സൈനിക് സ്കൂൾ വിദ്യാർത്ഥികളെയും പോലെ, എനിക്കും അതൊരു ജീവിതചര്യയായി മാറി. സൈനിക് സ്കൂളിലെ ബാല്യത്തിനൊപ്പം തന്നെ, വീട്ടിലെ അന്തരീക്ഷവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛനും അമ്മയുമൊക്കെ നന്നായി വായിക്കുമായിരുന്നു. വീട്ടിൽ വളരെ വലിയൊരു ലൈബ്രറിയുണ്ടായിരുന്നു,​അച്ഛന്റെ കളക്ഷനായിരുന്നു അത്. വീടു മാറിയപ്പോൾ അത്ര വലിയ ലൈബ്രറി വയ്ക്കാൻ സൗകര്യമില്ലാത്തതോണ്ട് ആ പുസ്തകങ്ങളൊക്കെ ചേട്ടന്റെ കോളേജ് ലൈബ്രറിയ്ക്ക് നൽകുകയായിരുന്നു,” പൃഥിരാജ് പറഞ്ഞു.

എളുപ്പമുള്ള വഴികൾ തേടാതെ എന്തുകൊണ്ടാണ് പ്രയാസമുള്ള വഴി താങ്കൾ തിരെഞ്ഞെടുക്കുന്നത് എന്നായിരുന്നു മറ്റൊരു പ്രേക്ഷകന്റെ ചോദ്യം.

” ഒട്ടും പ്രയാസപ്പെടാതെ സിനിമയിൽ അവസരം കിട്ടിയ ആളാണ് ഞാൻ. എന്നേക്കാൾ കഴിവുള്ള, അഭിനയിക്കാൻ അറിയുന്ന, അർഹതയുള്ള, സൗന്ദര്യമുള്ള ലക്ഷകണക്കിന് ആളുകൾ അവസരങ്ങൾ ലഭിക്കാത്തതു കൊണ്ട് ഇപ്പോഴും സിനിമയ്ക്ക് പുറത്തുണ്ട് എന്നെനിക്കറിയാം. ഞാനൊട്ടും കഷ്ടപ്പെട്ടിട്ടില്ല സിനിമയിലെത്താൻ, അവസരം ചോദിച്ചുപോലും എവിടെയും ചെല്ലേണ്ടി വന്നിട്ടില്ല. എനിക്ക് ഇതെല്ലാം സിനിമ ഫ്രീയായി തന്നതാണ്. അത്രയും എനിക്ക് നൽകിയ സിനിമിയ്ക്ക് തിരിച്ചെന്തു നൽകാൻ പറ്റും? അതാണ് ഞാൻ ചിന്തിക്കുന്നത്,” പൃഥി പറയുന്നു.

“സിനിമയിലെ താരമൂല്യം ആണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ​ എത്തരം സിനിമകളാണ് പ്ലാൻ ചെയ്യേണ്ടത് എന്നെനിക്കറിയാം. പക്ഷേ എന്റെ ഹൃദയം പറയുന്നത് കുറച്ചുകാര്യങ്ങൾ ട്രൈ ചെയ്യണം എന്നാണ്. ​അതിൽ ‘കൂടെ’ പോലെയുള്ള ചിലത് വിജയിക്കും, ‘രണം’ പോലുളളത് പരാജയപ്പെടാം. പക്ഷേ, ഒന്നും ട്രൈ ചെയ്യാതെ പോയാൽ ചിലപ്പോൾ എനിക്കത് പിന്നീടൊരു വിഷമമാകും. എപ്പോഴും പറയുന്നതുപോലെ, ഞാനൊരു മത്സരത്തിന്റെ ഭാഗമല്ല. നമ്പർ വൺ​ ആവണം, കൂടുതൽ പ്രതിഫലം വേണം എന്നൊന്നുമില്ല എനിക്ക്, അതിൽ താൽപ്പര്യമില്ല. സിനിമ എനിക്ക് ഫ്രീയായി തന്ന സൗഭാഗ്യങ്ങൾക്ക് പകരമെന്നവണ്ണം ഞാനെടുക്കുന്നതാണ് ഈ ‘വെല്ലുവിളികൾ’. അതുകൊണ്ടു തന്നെ ഇതൊന്നും എനിക്കൊരു പ്രയാസമേയല്ല.” പൃഥിരാജ് കൂട്ടിച്ചേർത്തു.

ചിത്രങ്ങൾ: മാലാ പാർവ്വതി/ഫെയ്‌സ്ബുക്ക്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj maala parvathi koode film