രജനീകാന്തിന്റെ ‘പേട്ട’യുടെ മലയാളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥിരാജ് പ്രൊഡക്ഷൻസ്. രജനീകാന്ത്, വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ,നവാസുദ്ദീൻ സിദ്ദിഖീ, ബോബി സിംഹ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കാർത്തിക് സുബരാജ് സംവിധാനം ചെയ്ത ‘പേട്ട’ ജനുവരി 10 ന് പൊങ്കൽ ദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ മാത്രം 200 ൽ ഏറെ സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. ‘പേട്ട’യുടെ വിതരണാവകാശം സ്വന്തമാക്കിയതു വഴി പൃഥിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസ് നിർണായകമായൊരു ചുവടുവെപ്പ് തന്നെയാണ് നടത്തിയതെങ്കിലും ഈ സർപ്രൈസ് വാർത്ത പൃഥി ആരാധകരെ നിരാശരാക്കുകയാണ്.

 

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ലോകമെമ്പാടുമുള്ള ആരാധകർക്ക് വലിയൊരു സർപ്രൈസ് അനൗൺസ്മെന്റ് തന്റെ ഒഫീഷ്യൽ പേജിലൂടെ ഇന്ന് ഉച്ചയ്ക്ക് നടത്തുമെന്നും അപ്രതീക്ഷിതമായ ആ സർപ്രൈസിനു വേണ്ടി കാത്തിരിക്കൂ എന്നും പൃഥിരാജ് രാവിലെ ഫെയ്സ്ബുക്ക് ലൈവിലൂടെ അനൗൺസ് ചെയ്തിരുന്നു.

കുടുംബത്തിനൊപ്പമുള്ള അവധിക്കാല യാത്രയിൽ നിന്നും ഒരു ദിവസം ബ്രേക്ക് എടുത്ത് നാട്ടിലെത്തിയ പൃഥിരാജ് ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് സർപ്രൈസിന്റെ കാര്യം പ്രഖ്യാപിച്ചത്.  “ഇന്ന് ഉച്ചയ്ക്ക് ഒരു സർപ്രൈസ് അനൗൺസ്മെന്റ് നടത്തുന്നുണ്ട് എന്നു പറയാനാണ് ഈ ലൈവ്. സാധാരണ നിങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു അനൗൺസ്മെന്റ്. ഇന്ന് ഉച്ചയ്ക്ക് എന്റെ ഒഫീഷൽ ഫെയ്സ്ബുക്ക് പേജിലൂടെ ഉണ്ടാവും.  എന്റെ യാത്ര ബ്രേക്ക് ചെയ്ത് ഒരു ദിവസത്തിന് ഞാൻ തിരിച്ചുവന്നത് എന്തിനാണെന്ന് ഇന്ന് ഉച്ചയ്ക്ക് നിങ്ങൾക്ക് മനസ്സിലാവും,” പൃഥിരാജ് പറഞ്ഞു.

എന്നാൽ പൃഥിയുടെ പുതിയ പ്രൊജക്റ്റുകളുടെ പ്രഖ്യാപനവും ‘ലൂസിഫർ’, ‘നയൻ’ ചിത്രങ്ങളുടെ ട്രെയിലറുകളോ ആവും സർപ്രൈസ് എന്ന പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്നതായിരുന്നു.  ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ഒടുവിൽ ഉച്ചയോടെ പൃഥി തന്റെ അനൗൺസ് ചെയ്തപ്പോൾ നിരാശരായ ആരാധകരുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് താരത്തിന്റെ ഫെയ്സ്ബുക്ക് പേജ്.

ലൈവിൽ വന്ന പൃഥിരാജ് തന്റെ ആദ്യസംവിധാന സംരംഭമായ ‘ലൂസിഫറി’ന്റെ വിശേഷങ്ങളം ആരാധകരുമായി പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂർത്തിയായതായും നാലു ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളതെന്നും പൃഥിരാജ് വെളിപ്പെടുത്തി.

“ലൂസിഫറിന്റെ നാലു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. ലക്ഷദ്വീപിലാണ് ഷൂട്ട് ചെയ്യേണ്ടത്. പാച്ച് വർക്ക് ഷൂട്ടാണ് ബാക്കിയുള്ളത്. ജനുവരി പകുതിയോടെ അതും പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്,” പൃഥിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും  സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ക്കുന്ന  ‘നയൻ’ എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയായതായും ഏതാനും ദിവസങ്ങൾക്ക് അകത്ത് ട്രെയിലർ റിലീസ് ചെയ്യുമെന്നും ഫെയ്സ്ബുക്ക് ലൈവിൽ പൃഥിരാജ് പറഞ്ഞു. 2019 ഫെബ്രുവരി ഏഴിന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും.

Read more: ഞാനാദ്യം ചെയ്യാനിരുന്ന സിനിമ ‘ലൂസിഫർ’ അല്ല: പൃഥിരാജ്

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ നായകൻ.  ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയാണ്.  എ ജീനസ് മൊഹമ്മദാണ് ചിത്രത്തിന്റെ സംവിധായകൻ.  ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകൻ.  ‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ