മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി മറ്റൊരു താരം നിര്‍മ്മിക്കുന്ന ഈ ചിത്രം മാര്‍ച്ച് 28നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാലും ഒപ്പം ഒരു വലിയ താരനിരയും. നടനായി പേരെടുത്ത സംവിധായകന്‍ എന്നത് കൊണ്ട് തന്നെ, ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ‘ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കുമോ?’ എന്നതായിരുന്നു.  ഇരുപത്തിയാറു ദിവസം കൊണ്ട് ഇരുപത്തിയാറു ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴും ആരാധകര്‍ തിരഞ്ഞത് പൃഥ്വിരാജിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇവിടെ എന്നാണ്.  ഇത്തരത്തില്‍ പല വിധ ചര്‍ച്ചകളും നടന്നെങ്കിലും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്ന് ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല.

എങ്കിലും മാര്‍ച്ച് 22ന് ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കായി മോഹന്‍ലാലും മഞ്ജു വാര്യരും ടൊവിനോ തോമസും അടക്കം ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ചേരുന്ന ടീം ‘ലൂസിഫര്‍’ അബുദാബിയില്‍ എത്തുമ്പോള്‍ ഒരു സര്‍പ്രൈസ് ഉണ്ടാകും എന്ന് പൃഥ്വിരാജ് പറഞ്ഞത് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.  അബുദാബിയില്‍ വച്ചാണ്ചി ‘ലൂസിഫറി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്.  ട്രെയിലറില്‍ പൃഥ്വിയുടെ കഥാപാത്രം ഉണ്ടാകുമോ എന്ന ആകാംഷയിലായ പ്രേക്ഷകര്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക്‌ പേജില്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്.

 

 

പൃഥ്വിയുടെ കഥാപാത്രമല്ല, മറിച്ചു ‘ലൂസിഫര്‍ ആന്തം’ ആണ് ആ സര്‍പ്രൈസ് എന്ന് കരുതുന്നവരും ഉണ്ട്.  ഒരു സിനിമയുടെ പ്രധാന ഘട്ടങ്ങളില്‍ വരുന്ന തീം മ്യൂസിക്‌ അടങ്ങിയ ഗാനമാണ് ആന്തം എന്ന് അറിയപ്പെടുന്നത്.  ഇത് രണ്ടുമല്ല, ‘ലൂസിഫറിലെ’ മമ്മൂട്ടിയുടെ ഗസ്റ്റ് റോളാണ് സര്‍പ്രൈസ് എന്ന് പറയുന്നവരുമുണ്ട്

 

 

More: ആരാധകർ കാത്തിരിക്കുന്ന ‘ലൂസിഫർ’ ക്യാരക്ടർ പോസ്റ്റർ എവിടെ?

അതേ സമയം, ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. മിക്ക മോഹന്‍ലാല്‍ ചിത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്തൊരു സാന്നിധ്യം പോലെ, ചെറിയ ഒരു റോളിലെങ്കിലും ആന്റണി പെരുമ്പാവൂര്‍ എത്താറുണ്ട്. ‘കിലുക്ക’ത്തിലും ‘തേന്മാവിന്‍ കൊമ്പത്തി’ലും ‘ചന്ദ്രലേഖ’യിലുമൊക്കെ പാസിംഗ് ഷോട്ടുകളില്‍ പ്രത്യക്ഷപ്പെട്ട ആന്റണി പെരുമ്പാവൂര്‍,

സ്വന്തം നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രങ്ങളിലെത്തിയതോടെ കുറെയും കൂടി ശ്രദ്ധേയമായ സീനുകളിലെ സാന്നിധ്യമായി മാറുകയായിരുന്നു. ‘ഒപ്പ’ത്തില്‍ ബോട്ടിലെ യാത്രക്കാരനായും ‘വില്ലനി’ല്‍ പൊലീസ് ഓഫീസറായും ‘ദൃശ്യ’ത്തില്‍ പൊലീസുകാരനായും ‘ഒടിയനി’ല്‍ തേങ്കുറിശ്ശിയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ വരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥനായുമൊക്കെ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യമറിയിച്ചു. അതു കൊണ്ടു തന്നെ, ‘ലൂസിഫറി’ല്‍ ആന്റണി പെരുമ്പാവൂരിന്റെ മുഖം ഏതു കഥാപാത്രമായാണ് സ്‌ക്രീനില്‍ തെളിയുക എന്ന ആകാംക്ഷയിലാണ് ഒരു കൂട്ടം പ്രേക്ഷകര്‍.

Prithviraj, Mohanlal

സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്റോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ.പ്രകാശ്, അനീഷ് ജി.മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റു താരങ്ങള്‍.

Read More: പൃഥ്വി ഒപ്പിട്ട തൊപ്പിയണിഞ്ഞ് സുപ്രിയയും അല്ലിയും; ‘ലൂസിഫര്‍’ തൊപ്പികള്‍ എവിടെ കിട്ടുമെന്ന് ആരാധകര്‍

സംവിധായകന്‍ ഫാസിലും ‘ലൂസിഫറി’ല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫാദര്‍ നെടുമ്പിള്ളി എന്ന പുരോഹിത കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്ന ഫാസില്‍ ‘ലൂസിഫറി’ലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ് സംജിത് മുഹമ്മദും നിര്‍വഹിച്ചിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook