‘ആടുജീവിതം’ എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകളിലാണ് മാസങ്ങളായി പൃഥ്വിരാജ്. സിനിമയിൽ നിന്നും താൽക്കാലികമായ ബ്രേക്ക് എടുത്ത താരം ചിത്രത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുകയാണ്. നീട്ടി വളർത്തിയ താടിയും മെലിഞ്ഞ ശരീരവുമായാണ് പൊതുപരിപാടികളിലും താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. 30 കിലോയിൽ അധികം ശരീരഭാരം ഇതിനകം തന്നെ പൃഥ്വിരാജ് കുറച്ചു കഴിഞ്ഞു.
തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ചിത്രമാണ് എന്നാണ് ‘ആടുജീവിത’ത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. ഇപ്പോഴിതാ, പൃഥ്വിയുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന് ഈ നോവലൊരുക്കിയത്.
Read more: ശില്പങ്ങള്ക്കിടയില് മറ്റൊരു ശില്പമായി; ഖജുരാഹോയില്‍ നൃത്തം ചെയ്തു ശോഭന
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.