നടിയെ ആക്രമിച്ച കേസിൽ താൻ എന്നും നേടിക്കൊപ്പമാണെന്ന് ആവർത്തിച്ച് നടൻ പൃഥ്വിരാജ്. പുതിയ ചിത്രമായ ‘കടുവ’യുടെ അണിയറ പ്രവർത്തകർക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം. വിജയ് ബാബു വിഷയത്തിലും അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിലും താരങ്ങളുടെ വേതനം സംബന്ധിച്ച ചോദ്യങ്ങൾക്കും പൃഥ്വിരാജ് മറുപടി നൽകി.
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. “ഞാൻ ഒരുപാട് സിനിമകള്‍ അവരുടെ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്തു സംഭവിച്ചു എന്നത് അവരില്‍ നിന്നും നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഉറപ്പായിട്ടും പറയാൻ കഴിയും അവള്‍ക്കൊപ്പമാണ്. അവരുടെ യാത്രയില്‍ ഒപ്പമുണ്ട്. അത് ഞാന്‍ മാത്രമല്ല, അവർക്കൊപ്പം ജോലി ചെയ്ത എല്ലാവരും ഒപ്പമുണ്ട്,” പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, വിജയ് ബാബു വിഷയത്തെ കുറിച്ച് വ്യക്തതയില്ല എന്നായിരുന്നു നടന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോൾ അവൾക്കൊപ്പമാണ് ശക്തമായ നിലപാട് എടുത്ത പൃഥ്വിരാജ് എന്തുകൊണ്ടാണ് സമാന വിഷയത്തിൽ ഒരു കൃത്യമായ നിലപാട് പറയാത്തത് എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ആയിരുന്നു മറുപടി.
“അതേക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരങ്ങൾ മാത്രമേ എനിക്കും അറിയൂ. അതുവച്ച് ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാൻ തയ്യാറല്ല” താരം പറഞ്ഞു.
നടന് വിജയ് ബാബു അമ്മയുടെ യോഗത്തില്‍ പങ്കെടുത്തതില്‍ താൻ അഭിപ്രായം പറയാനില്ല. ആ യോഗത്തില്‍ താൻ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “വിജയ് ബാബു അവിടെ പോകാൻ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവർത്തന രീതികളെക്കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ല. അതുകൊണ്ട് അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ആധികാരികമായി പറയാനാവില്ല” എന്നായിരുന്നു പ്രതികരണം.
അതേസമയം, ഇടവേള ബാബു താരസംഘടനയെ ക്ലബ്ബായി ഉപമിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയുടെ രജിസ്ട്രേഷൻ ചാരിറ്റബിൾ ട്രസ്റ്റായിട്ടാണെന്നാണ് തന്റെ അറിവെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതുമാറ്റുമ്പോള്‍ അക്കാര്യത്തില്‍ മറുപടി നല്‍കാമെന്നും പൃഥ്വിരാജ് പറഞ്ഞു.
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു എന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിലും പൃഥ്വിരാജ് മറുപടി പറയുകയുണ്ടായി. ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമ ജയിച്ചാലും പരാജയപ്പെട്ടാലും അതിനനുസരിച്ചു പ്രതിഫലം നൽകുക എന്നതാണ്. താൻ അതാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നടി നടന്മാർക്ക് തുല്യവേതനം നൽകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും നടൻ പ്രതികരിച്ചു. “സ്ത്രീകള്‍ക്ക് തുല്യവേതനത്തിനു അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമായിരുന്നില്ല. എനിക്ക് കുറവായിരുന്നു. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന് അല്ലെങ്കില്‍ നടി അവർ ഇതിൽ ഉണ്ടെങ്കിൽ സിനിമയ്ക്ക് ഇത്ര ഗുണം ചെയ്യുമല്ലോ അപ്പോൾ ഇത്ര കിട്ടുമല്ലോ എന്നാണ് ചോദിക്കുന്നത്. മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നത് മഞ്ജു വാര്യരാണെന്നാണ് അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ച് അഭിനയിക്കുകയാണെങ്കിൽ മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം”, പൃഥ്വിരാജ് പറഞ്ഞു.
‘കടുവ’യിലെ വിവാദ സംഭാഷണം പിൻവലിച്ചെന്നും എഡിറ്റ് ചെയ്ത പുതിയ പുതിയ ഉടൻ തീയറ്ററുകളിൽ എത്തുമെന്നും അറിയിക്കുന്നതിനായാണ് പൃഥ്വിരാജും സിനിമയുടെ അണിയറ പ്രവർത്തകരും തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചത്. സംഭാഷണത്തിൽ ക്ഷമ ചോദിച്ച നടൻ, സിനിമയിൽ തെറ്റായ രീതിയിൽ തന്നെയാണ് ആ സംഭാഷണം ഉൾപ്പെടുത്തിയത് എന്നാൽ പ്രേക്ഷകരിലേക്ക് എത്തിയത് അങ്ങനെയല്ലെന്നും പറഞ്ഞു. ഉടൻ തന്നെ മാറ്റി അപ്ലോഡ് ചെയ്തത് തീയറ്ററുകളിൽ എത്തുമെന്നും വ്യക്തമാക്കി.
“ആദ്യം തന്നെ ഈ ഡയലോഗ് കാരണം വേദനിച്ചിട്ടുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എന്റെ പേരിലും സിനിമയുടെ പേരിലും ക്ഷമ ചോദിക്കുന്നു. ഇനി പറയുന്നത് ന്യായീകരണമല്ല. സിനിമ ചെയ്ത സമയത്ത് പഴയ ഒരു ചൊല്ലിന്റെ സ്വഭാവത്തിലാണ് എടുത്തത്. പറയാന്‍ പാടില്ലാത്തത് കുര്യച്ചന് പറഞ്ഞു എന്ന രീതിയിലാണ് ആ രംഗം എടുത്തത്. സിനിമയിലും കുര്യച്ചന് അത് പറയാന്‍ പാടില്ലായിരുന്നു എന്നതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. അതുകൊണ്ടാണ് വാഹനത്തിൽ ഇരുന്ന് വേണ്ടായിരുന്നു എന്ന രീതിയിൽ പറയുന്നത് ഉൾപ്പെടുത്തിയത്. അതാണ് ഉദേശിച്ചത്. എന്നാല്‍ അത് അങ്ങനെയല്ല പ്രേക്ഷകരിലേക്ക് എത്തിയത്. ഭിന്നശേഷിയുള്ള കുട്ടി തന്നെയാണ് ആ രംഗത്തില്‍ അഭിനയിച്ചത്. മറ്റൊരാളെ വെച്ചു ചെയ്യുന്നത് പ്രശ്നമാവുമോ എന്ന സംശയത്തിലാണ് അങ്ങനെ ചെയ്തത്.”
“ഇത് ഞങ്ങൾ ശ്രദ്ധിക്കാതെ പോയതാണ് തെറ്റാണ്. ആളുകളെ വേദനിപ്പിക്കുന്നതാണ് എന്ന് മനസിലായി. ആ സമയത്ത് തിരിച്ചറിഞ്ഞില്ല. ഇനിയുള്ള സിനിമകളില്‍ ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും,” പൃഥ്വിരാജ് വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വിഷമമാകും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മാപ്പ് പറഞ്ഞതെന്നും നടൻ പറഞ്ഞു.