പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ തിയേറ്ററിലെത്താൻ ഒരാഴ്ച കൂടി വൈകും. നിയമപരമായ ചില പ്രശ്നങ്ങളാൽ ആണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണ് ചിത്രം എന്ന് ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയിരിക്കുന്ന പരാതിയിൽ സിനിമ കണ്ട് തീരുമാനം എടുക്കാൻ ഹൈക്കോടതി സെൻസർ ബോർഡിന് നിർദേശം നൽകി.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് താൻ അറിയപ്പെടുന്നതെന്ന്, കടുവയിലാവട്ടെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് നായകനായ പൃഥ്വിരാജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഐ.പി.എസ്. ഓഫീസറുമായി മുൻപ് താൻ നടത്തിയ നിയമയുദ്ധം മാധ്യമശ്രദ്ധ നേടുകയും അതേ വിഷയത്തിൽ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കർ വന്നിരുന്നുവെന്നും ഹർജിക്കാരനായ ജോസ് പറയുന്നു. മോഹൻലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതു നടന്നില്ല. അതിനുശേഷമാണ് തിരക്കഥാകൃത്തായ ജിനു വർഗീസ് എബ്രഹാം കടുവ എന്ന തിരക്കഥയുമായി എത്തിയത്, ഇത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ഹർജിയിൽ ജോസ് കുരുവിനാക്കുന്നേൽ പറയുന്നത്. ജോസിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ ആണ് ഇക്കാര്യങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കാൻ സെൻസർ ബോർഡിന് നിർദ്ദേശം നൽകിയത്.
അതേസമയം, ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് നടൻ പൃഥ്വിരാജും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. “വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്! ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കൊണ്ട് റിലീസ് ജൂലൈ ഏഴിലേക്ക് മാറ്റുകയാണ്. ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു,” എന്നാണ് പൃഥ്വി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്.
2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോൻ ആണ് ‘കടുവ’യിലെ നായിക. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.