പെട്ടെന്നൊരു ദിവസം എണീറ്റ് കണ്ണാടി നോക്കുമ്പോൾ മോഹൻലാൽ ആയാൽ എന്തു ചെയ്യും? ചോദ്യം പൃഥ്വിരാജിനോടാണ്. ഇന്ത്യാഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിനിടെയാണ് അവതാരക പൃഥ്വിയോട് ഈ ചോദ്യം ചോദിച്ചത്. ലാലേട്ടനായാൽ ഒരുപാട് ചെയ്യാനുണ്ടെന്നും പക്ഷേ എന്തു ചെയ്യുമെന്ന് അറിയില്ലെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി
”ഞാൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണ്. ലാലേട്ടനും ഞാനും ഒരേ ബിൽഡിങ്ങിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ലാലേട്ടനെ ഇഷ്ടമാണെങ്കിലും എനിക്ക് ലാലേട്ടനാകേണ്ട. ഭയങ്കര ആരാധനയുളള ആൾക്കാരെ ദൂരെ നിന്ന് കാണുമ്പോഴാണ് നമുക്ക് സന്തോഷം. എനിക്ക് അതാണ് ഇഷ്ടം. മമ്മൂട്ടിയെയും അതുപോലെയാണ്. ലാലേട്ടനെയും മമ്മൂക്കയെയും രഹസ്യമായിട്ടെങ്കിലും ആരാധിക്കാത്ത മലയാളികൾ ഉണ്ടെന്ന് തോന്നുന്നില്ല”.
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും പൃഥ്വി പറഞ്ഞു. ”ലോകത്ത് കണ്ടിട്ടില്ലാത്ത എല്ലാ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാലെനിക്ക് ഇഷ്ടമുളളത്രയും സമയം യാത്ര ചെയ്യാൻ കിട്ടാറില്ല. സിനിമയ്ക്ക് സമയം കുറച്ചിട്ട് യാത്രയ്ക്ക് സമയം കൂട്ടണമെന്ന് വർഷങ്ങളായി വിചാരിക്കാറുണ്ട്. പക്ഷേ ഇതുവരെ നടന്നിട്ടില്ല”-പൃഥ്വിരാജ് പറഞ്ഞു.