പ്രിയപ്പെട്ടവൻ തിരിച്ചെത്തിയ സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഇന്ന് രാവിലെയാണ് കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിൽ തിരിച്ചെത്തിയത്.

“ഏതാണ്ട് മൂന്നുമാസങ്ങൾക്കു ശേഷം പൃഥ്വിയും ആടുജീവിതം ടീമും കേരളത്തിലെത്തിയിരിക്കുകയാണ്. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അവർ ക്വാറന്റെയിനിൽ പോവും. നീണ്ടൊരു കാത്തിരിപ്പായിരുന്നു ഇത്, ഈ മടക്കയാത്രയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന അതോറിറ്റികൾക്ക് ഞങ്ങൾ നന്ജി പറയുന്നു. വിരഹകാലത്ത് ഞങ്ങൾക്ക് വേ്ടി പ്രാർത്ഥിക്കുകയും കരുത്തേകുകയും ചെയ്ത എല്ലാ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ഞങ്ങൾ വ്യക്തിപരമായുള്ള നന്ദിയും അറിയിക്കുകയാണ്. ദാദ തിരിച്ചെത്തുന്ന സന്തോഷത്തിലാണ് അല്ലി. രണ്ടാഴ്ചയ്ക്കു ശേഷം പൃഥ്വിയെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

View this post on Instagram

He’s back!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

എയർ ഇന്ത്യ ഫ്ളെെറ്റ് നമ്പർ: 1902 ൽ ഇന്ന് രാവിലെ  8.59 നാണ് പൃഥ്വിരാജും സംഘവും  കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.   ഡൽഹിയിൽ നിന്ന് രാവിലെ 7.15 നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടത്.

എയർ പോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. പൃഥ്വിരാജ് തന്റെ കാറിൽ സ്വയം ഡ്രൈവ് ചെയ്താണ് ഫോർട്ട് കൊച്ചിയിൽ എത്തിയത്. ഓൾഡ് ഹാർബർ ഹോട്ടലിലാണ് അദ്ദേഹം താമസിക്കുക.

ജോർദാനിൽ നിന്നുള്ള പ്രവാസികളുമായി ഇന്നലെയാണ് എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഇതിൽ പൃഥ്വിരാജും സംഘവും ഉൾപ്പെടുന്നതായും അവർ നാട്ടിലേക്ക് തിരിച്ചതായും ജോർദാനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. 187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത്. ‘ആടുജീവിതം’ സിനിമയുടെ 58 അംഗ സംഘവും ഇതിലുൾപ്പെട്ടിരുന്നു.

Read more: പെട്ടെന്ന് പൃഥ്വി കാൽതെന്നി വീണു; അപകടത്തിന്റെ അറിയാക്കഥ പറഞ്ഞ് നിർമാതാവ് രഞ്ജിത്ത്

രണ്ടു മാസത്തിലേറെയായി ജോർദാനിലയിരുന്നു പൃഥ്വിരാജ്. വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോർദാനിൽ കർഫ്യൂ ഇളവ് നൽകിയതോടെയാണ് ഷൂട്ടിങ്ങ് തീർക്കാൻ കഴിഞ്ഞത്. ബെന്യാമിന്റെ കഥയെ ആസ്‌പദമാക്കിയുള്ള സിനിമയാണ് ബ്ലസിയുടെ ‘ആടുജീവിതം’. ബെന്യാമിൻ രചിച്ച ‘ആടുജീവിതം’ പുസ്‌തകം ഏറെ വിറ്റഴിക്കപ്പെട്ട ഒന്നാണ്.

‘ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന്‍ പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മകൻ തിരിച്ചു വരുന്നതിൽ പൃഥ്വിയുടെ മാതാവും അഭിനേത്രിയുമായി മല്ലിക സുകുമാരൻ സന്തോഷം അറിയിച്ചിരുന്നു. “നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്ളൈറ്റിൽ കയറിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാൻ പറ്റില്ലെന്നാണ് അവനാദ്യം പറഞ്ഞത്. പോയ കാര്യമെല്ലാം ഭംഗിയായി പൂർത്തിയാക്കി അവൻ എത്തുന്നതിന്റെ സന്തോഷത്തിലാണ്,” മല്ലിക സുകുമാരൻ കഴിഞ്ഞദിവസം ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.

“അവിടെ കർഫ്യൂ ഇളവ് ചെയ്തതോടെ അവർക്ക് സിനിമയുടെ ഷൂട്ടിംഗ് തീർക്കാൻ പറ്റി, അതൊരു ഭാഗ്യമായി. അവിടെ കൂടുതൽ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതു കൊണ്ടായിരിക്കും ചിലപ്പോൾ അങ്ങനെയൊരു ഇളവ് സർക്കാർ നൽകിയത്. അതെന്തായാലും നന്നായി. ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച് നിർത്തി വരേണ്ടി വരുമോ എന്ന ടെൻഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വർക്ക് തീർക്കാൻ പറ്റണേ, അമ്മ അതിനായി പ്രാർത്ഥിക്കണേ എന്നൊക്കെ വിളിക്കുമ്പോൾ പറയും.” ആടുജീവിത’ത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും ഒരു അമ്മ എന്ന രീതിയിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.

 

“ഇരുപത് കിലോയോളം കുറച്ചു, താടിയാണെങ്കിൽ വളർന്ന് നെഞ്ചത്തെത്തി. എല്ലാം കൂടെ കാണുമ്പോൾ നമുക്കൊരു പ്രയാസമാണ്. അധികം ഭക്ഷണമൊന്നും കഴിക്കുന്നില്ലല്ലോ, ജ്യൂസ് മാത്രം കുടിച്ച് ജീവിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. ഞാൻ​ ഇടയ്ക്ക് ഭക്ഷണം കഴിക്കൂ എന്നു പറയുമ്പോൾ പൃഥ്വി തമാശയ്ക്ക് പറയും, ‘ഡെഡിക്കേറ്റഡ് ആയിരിക്കണം, ജോലിയോട് കമ്മിറ്റ്മെന്റെ വേണമെന്നൊക്കെ അമ്മ തന്നെ പറയും. അതേ സമയം തന്നെ, ഭക്ഷണം കഴിക്കൂ, കഴിക്കൂ എന്നു ഉപദേശിക്കുകയും ചെയ്യും. രണ്ടും കൂടെ എങ്ങനെയാ പറ്റുന്നത് അമ്മേ?’ എന്ന്. ഞാനൊരു​ അമ്മയല്ലേ, ഒക്കെ ഓരോ ആധിയ്ക്ക് പറയുന്നതാണ്.”

ചിത്രങ്ങൾ: പിആർഡി

Read more: ക്വാറന്റെയിനായിരിക്കും, എങ്കിലും അവനിങ്ങെത്തിയാൽ മതി: മല്ലിക സുകുമാരന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook