മലയാളികളുടെ പ്രിയനടൻ സുകുമാരൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 23 വർഷം പിന്നിടുകയാണ്. അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമർപ്പിക്കുകയാണ് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമക്കളുമെല്ലാം. പ്രിയപ്പെട്ട സുകുവേട്ടന് വിട പറഞ്ഞ ആ ദിനത്തിലെ സംഭവങ്ങള്‍ എല്ലാം തന്നെ ഓര്‍ത്തെടുക്കുകയാണ് മല്ലിക സുകുമാരന്‍.
“എല്ലാം ഇന്നലെയെന്ന പോലെ ഓർമയുണ്ട്. കലാഭവന്റെ മുറ്റത്ത് അദ്ദേഹത്തെ കൊണ്ടു കിടത്തിയതും എല്ലാം ഓർമയുണ്ട്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് എത്തും വരെ രാജു ആരോടും മിണ്ടിയില്ല, ഇന്ദ്രനും അതെ.
തലേ ദിവസം ജനാർദ്ദനൻ ചേട്ടൻ കാണാൻ വന്നിരുന്നു, എന്റെ സിഗരറ്റ് വലിയും മദ്യപാനവുമൊക്കെ നിർത്താൻ എന്നെ ഇവിടെ പിടിച്ചു കിടത്തിയേക്കുവാണ് എന്നൊക്കെ സുകുചേട്ടൻ തമാശയായി അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ എനിക്കറിയാമായിരുന്നു അൽപ്പം വലിയൊരു അറ്റാക്കായിരുന്നു അതെന്ന്. ”
ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് അപ്രതീക്ഷിതമായി സുകുമാരന്‍ മരണമടയുന്നത്.
“എനിക്ക് ആ മരണം ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു. അങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് അങ്ങനെ സുകുവേട്ടനെ കാണാനുള്ള ശക്തിയില്ലായിരുന്നു. അന്ന് ഇന്ദ്രൻ പന്ത്രണ്ടിലും രാജു ഒമ്പതിലും പഠിക്കുകയാണ്. ബോർഡിംഗിൽ നിന്നും തിരിച്ചു വന്ന രാജു എറണാകുളത്ത് എത്തും വരെ ആരോടും സംസാരിച്ചില്ല, ഒന്നും കഴിച്ചില്ല… ഇന്ദ്രനുമതെ.”
അച്ഛന്റെ പാതയിലൂടെ സിനിമാരംഗത്തേക്ക് ചേക്കേറിയ ഇരുവരും ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. സുകുമാരൻ വിടപറഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തുന്നതും തങ്ങളുടെ മേൽവിലാസം ഉണ്ടാക്കിയെടുക്കുന്നതും. എന്നാൽ അച്ഛനൊപ്പം ഒരു ചിത്രത്തിൽ ബാലതാരമായി അഭിനയിക്കാനുള്ള ഭാഗ്യം ഇന്ദ്രജിത്തിനു ലഭിച്ചിരുന്നു. സുകുമാരൻ നിർമിച്ച സിനിമയിലാണ് ബാലതാരമായി ഇന്ദ്രജിത്ത് അഭിനയിക്കുന്നത്.
ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. 1986 ൽ റിലീസായ ‘പടയണി’ എന്ന ചിത്രത്തിൽ അതിന്റെ നിർമാതാവ് കൂടിയായ സുകുമാരനും അഭിനയിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ സുകുമാരനും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നുണ്ട്. സുകുമാരന്റെ ഓർമയിൽ മലയാള സിനിമാലോകം നിൽക്കുമ്പോൾ സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഈ അച്ഛൻ, മകൻ കോമ്പിനേഷനാണ് ചർച്ച. ‘പടയണി’യിൽ സുകുമാരനൊപ്പമുള്ള മകൻ ഇന്ദ്രജിത്താണോ പൃഥ്വിരാജാണോ എന്ന സംശയവും പലരും സാമൂഹ്യമാധ്യമങ്ങളിൽ ഉന്നയിച്ചു.
സുകുമാരന്റെ 23-ാം ചരമവാർഷികദിനത്തിൽ സുപ്രിയ എഴുതിയ വാക്കുകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. “അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും.”
Read more: അരങ്ങേറ്റം അച്ഛനൊപ്പം; സുകുമാരനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മകൻ, വീഡിയോ