ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. ഇടയ്ക്കിടെ പുറത്തിറങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നുമുണ്ട്. ഇതിനിടെ ഇപ്പോഴിതാ ആരാധകരെ വീണ്ടും ആകാംഷയുടെ കൊടുമുടിയില്‍ എത്തിക്കുകയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന, പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫറും ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ഇന്ന് ഒടിയന്റെ ലൊക്കേഷനിലെത്തിയ പൃഥ്വിരാജും മുരളി ഗോപിയും ലൂസിഫറിന്റെ തിരക്കഥയുടെ പൂര്‍ണ്ണരൂപം മോഹന്‍ലാലിന് നല്‍കിയിരിക്കുകയാണ്. പിന്നീട് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിവരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.

ഇത്രയും നാള്‍ താനും മുരളിയും മനസില്‍ കൊണ്ടു നടന്ന ചിത്രം ഇന്ന് മോഹന്‍ലാലിനെ വായിച്ചു കേള്‍പ്പിച്ചെന്നും മികച്ചൊരു ചിത്രമായിരിക്കും ലൂസിഫറെന്നും പൃഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ നല്ലൊരു സിനിമയായിരിക്കുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇരുവര്‍ക്കുമൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വീഡിയോയില്‍ ഉണ്ടായിരുന്നു.

വീഡിയോ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ