പൃഥ്വിരാജും ഇല്ലുമിനാറ്റിയും തമ്മില്‍ എന്താണ് ബന്ധം? അങ്ങനെ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും നമ്മുടെ ട്രോളന്‍മാര്‍ ചേര്‍ന്നൊരു ബന്ധം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പൃഥ്വിയുടെ ‘എസ്ര’, ‘ആദം ജോണ്‍’ തുടങ്ങിയ ചിത്രങ്ങളിലും ഒടുവില്‍ ഇറങ്ങിയ ലൂസിഫറിലെ എബ്രഹാം ഖുറേഷി എന്ന ഇല്ലുമിനാറ്റി അംഗവും എല്ലാം കൂടിയായപ്പോള്‍ അവരങ്ങ് തീരുമാനിച്ചു പൃഥ്വിക്ക് ഇല്ലുമിനാറ്റിയായി എന്തോ ബന്ധമുണ്ടെന്ന്.

സിനിമകളുടെ തിരക്കുകളില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുത്ത് യാത്രയിലാണെന്നു തോന്നുന്നു പൃഥ്വിയും ഭാര്യ സുപ്രിയയും. യാത്ര വേളയിലുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്.

Read More: പുതിയ ചിത്രത്തിന്റെ ആശയം പറഞ്ഞ് മുരളി ഗോപി തന്റെ ഉറക്കം കളഞ്ഞെന്ന് പൃഥ്വിരാജ്

എന്നാല്‍ ട്വിറ്ററില്‍ പൃഥ്വിരാജ് പങ്കുവച്ച ഫോട്ടോയില്‍ വന്ന രസകരമായൊരു കമന്റ് ഇല്ലുമിനാറ്റിയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി രാജുവേട്ടന്‍ എന്നായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഒടുവില്‍ പരാമര്‍ശിക്കുന്ന ഇല്ലുമിനാറ്റി അംഗം എബ്രഹാം ഖുറേഷിയുടെ കഥയുമായി രണ്ടാം ഭാഗം എത്തുമെന്നാണ് പ്രതീക്ഷ.

മോഹന്‍ലാല്‍ നായകാനായി എത്തിയ ‘ലൂസിഫറി’ന്റെ വിജയത്തിനുശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാവുമോയെന്നൊരു ചോദ്യം ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്നു. പക്ഷേ പൃഥ്വി അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ‘ലൂസിഫര്‍’ തിയേറ്ററുകളിലെത്തിയ ശേഷം തന്നെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന ‘ബ്രദേഴ്‌സ് ഡേ’ ചിത്രത്തിന്റെ തിരക്കുകളിലായി പൃഥ്വി. സംവിധായക കുപ്പായം മാറ്റിവച്ച് പൃഥ്വി വീണ്ടും അഭിനയത്തിലേക്കെന്ന് ഇതോടെ ആരാധകരും കരുതി.

Read More: ആദ്യ സിനിമയുടെ ആദ്യ ഷോട്ട് രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം: ‘ലൂസിഫര്‍’ കൊണ്ട് വന്ന നിയോഗത്തെക്കുറിച്ച് പൃഥ്വിരാജ്

അഭിനയം കഴിഞ്ഞാല്‍ തനിക്കേറ്റവും ഇഷ്ടം സംവിധാനമെന്നു പറയാറുളള പൃഥ്വിക്ക് അങ്ങനെ അത് വിട്ടു കളയാന്‍ കഴിയില്ലല്ലോ. താന്‍ വീണ്ടും സംവിധായകന്റെ വേഷമണിയുമെന്ന സൂചനയാണ് പൃഥ്വിരാജ് ദിവസങ്ങള്‍ക്കു മുമ്പ് പങ്കു വച്ചിരിക്കുന്നത്. രാത്രി 2.20 ആയിട്ടും ഉറങ്ങാതെ കിടക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചു കൊണ്ട് പൃഥ്വി എഴുതിയ വാക്കുകളാണ് താരം വീണ്ടും സംവിധായകനാവുമെന്ന സൂചന നല്‍കുന്നത്.

‘ഒരു എഴുത്തുകാരന്‍ നല്‍കിയ ആശയത്തെക്കുറിച്ച് ചിന്തിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത് ചെയ്യേണ്ടതെന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നോട് ഇത് എന്തിനു ചെയ്തു മുരളി ഗോപി?”, പൃഥ്വിയുടെ വാക്കുകള്‍. ‘ലൂസിഫറി’ന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. ‘ലൂസിഫറിനു’ശേഷം ഇരുവരുടെയും കൂട്ടികെട്ടില്‍ വീണ്ടുമൊരു ചിത്രം എത്തുമെന്ന സൂചനയാണോ പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുളളതെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook