പൃഥ്വിരാജ് എപ്പോഴും പറയുന്ന കാര്യമാണ് താനൊരു സച്ചിൻ ടെൻഡുൽക്കർ ആരാധകനാണെന്ന്. ചെറുപ്പം മുതലേ സച്ചിന്റെ ആരാധകനായിരുന്നതിനെക്കുറിച്ചും ‘ക്രിക്കറ്റ് ദൈവം’ എത്തരത്തിലാണ് തന്നെ കുട്ടിക്കാലം മുതലേ സ്വാധീനിച്ചതെന്നുമെല്ലാം അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

“ഞാനൊരു കടുത്ത സച്ചിൻ ടെൻഡുൽക്കർ ആരാധകനായി മാറിയ ഒരു സമയമുണ്ടായിരുന്നു എന്റെ ജീവിതത്തിൽ. ഷാർജയിലെ വെടിക്കെട്ട് ഇന്നിങ്സിനൊക്കെ എത്രയോ മുമ്പാണ് ഇത്. അന്നു മുതൽ സച്ചിൻ അദ്ദേഹത്തിന്റെ കരിയറിൽ ഒരു സെഞ്ചുറി പോലും നേടിയിരുന്നില്ലെങ്കിലും ഞാൻ അദ്ദേഹത്തെ ആരാധിക്കുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ വിജയങ്ങളല്ല ഞാൻ സച്ചിനെ ആരാധിക്കാനുള്ള​ കാരണം. അത്തരം ബന്ധങ്ങളിൽ നിങ്ങൾ​ ആ വ്യക്തിയെ പൂർണമായും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. വാതുവയ്പ്പ് വിവാദങ്ങൾ നടന്നിരുന്ന സമയത്ത് ഞാനിരുന്ന് പ്രാർഥിക്കുമായിരുന്നു ‘ദൈവമേ, ദയവായി സച്ചിനെ ഇതിന്റെ ഭാഗമാകാൻ അനുവദിക്കരുത്’ എന്ന്. എനിക്കിപ്പോഴും ഓർമയുണ്ട്. കാരണം അദ്ദേഹം അതിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഞാൻ ക്രിക്കറ്റ് കാണുന്നത് തന്നെ അവസാനിപ്പിച്ചേനെ. ആ സമയത്ത് അദ്ദേഹം എനിക്ക് അത്രമാത്രം വലുതായിരുന്നു. അതൊരു യഥാർത്ഥ ആരാധകന്റെ വികാരമാണ്. എനിക്ക് ഇത് അറിയാം കാരണം ഞാൻ സച്ചിൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ആരാധകനാണ്,” പൃഥ്വിരാജ് പറഞ്ഞു.

Read More: പൃഥ്വിയുടെ അല്ലിമോൾ പാട്ടും പാടും പിയാനോയും വായിക്കും; വീഡിയോ പങ്കുവച്ച് സുപ്രിയ

പൃഥ്വിയുടെ വരാനിരിക്കുന്ന പുതിയ ചിത്രം ഡൈവിങ് ലൈസൻസ് ഇത്തരത്തിൽ ഒരു ആരാധനയുടേയും ആരാധകന്റേയും കഥയാണ് പറയുന്നത്. ചിത്രത്തിൽ ഒരു അഭിനേതാവായാണ് പൃഥ്വി എത്തുന്നത്. ആരാധകനായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ ഒന്നിച്ചെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

നിലവിൽ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. അട്ടപ്പാടിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിർവഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രമായി ബിജു മേനോനും കോശി എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായാണ് ബിജു മേനോന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook