നടി ആക്രമിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ പിന്തുണച്ച് പൃഥ്വിരാജ്. അവരുടെ തീരുമാനത്തെ മനസിലാക്കുന്നുവെന്നും പിന്തുണയ്‌ക്കുന്നുവെന്നും പറഞ്ഞ പൃഥ്വി സമയവും സാഹചര്യവും വരുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അറിയിച്ചു. ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍.

അവരെ കുറ്റപ്പെടുത്തുന്നവരുണ്ടാകുമെന്നും എന്നാല്‍ താന്‍ അവരുടെ തീരുമാനത്തെ പിന്തുണയ്‌ക്കുന്നുവെന്നും ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്‌ചപ്പാടാണെന്നും താന്‍ നടിമാര്‍ക്കൊപ്പമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് നടിയെ പിന്തുണച്ച് രംഗത്തുവന്നതും ദിലീപിനെ പുറത്താക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും പൃഥ്വിരാജ് ആയിരുന്നു. പ്രതികരിക്കേണ്ട സമയത്ത് മൗനം പാലിക്കുന്ന വ്യക്തിയല്ല താനെന്നും സമയവും സാചര്യവും വരുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു.

ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇത്രയും നാള്‍ അത്തരത്തില്‍ ഒരു സാഹചര്യം വന്നിട്ടില്ലെന്നും അങ്ങനെ ഒരു ഓഫര്‍ വന്നാല്‍ ചിന്തിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ