‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ ഏഴു ദിവസങ്ങളായി ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു. ആദ്യഘട്ട ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് താൻ വീട്ടിലേക്കു മടങ്ങുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.
“എന്റെ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റൈനിലേക്ക് പോവുകയാണ്. ഓൾഡ് ഹാർബർ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാർക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റൈനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റൈനിൽ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അർത്ഥം നിങ്ങളുടെ ക്വാറന്റൈൻ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിൽ ഇല്ലെന്ന് ഉറപ്പാക്കുക,” പൃഥ്വി കുറിക്കുന്നു.
മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും ‘ആടുജീവിതം’ ടീമും കേരളത്തിൽ എത്തിയത്. എയർ പോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. ക്വാറന്റൈൻ ജീവിതത്തിനിടയിലും ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു താരം. തന്റെ വർക്ക് ഔട്ട് വിശേഷങ്ങളും പൃഥ്വി ആരാധകരുമായി പങ്കുവച്ചിരുന്നു.
Read More: മണലാരണ്യത്തിൽ നിന്നും കടലിരമ്പത്തിലേക്ക്; പൃഥ്വിരാജ് ഇനി ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനിൽ
“‘ആടുജീവിത’ത്തിനായി മെലിഞ്ഞ ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം, എന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞിരുന്നു. അതിനുശേഷം ഒരുമാസം ശരീരത്തിനു ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ ഏറ്റവും തളർന്ന രീതിയിൽ കണ്ട എന്റെ ക്രൂ ഇപ്പോൾ അത്ഭുതപ്പെടുമെന്നു കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു. ശോഷിച്ച അവസ്ഥയിൽ നിന്നും ഈ അവസ്ഥയിലേക്ക് എത്താൻ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂർവസ്ഥിതിയിലാകാൻ അനുവദിച്ച ബ്ലെസിയ്ക്കും ആടുജീവിതം ടീമിനും താരം നന്ദി പറയുന്നുമുണ്ട് പോസ്റ്റിൽ.
Read more: അച്ഛൻ വരുന്നെന്ന് അല്ലി; എന്റെ റാണിയേയും രാജകുമാരിയേയും കാണാൻ കാത്തിരിക്കുന്നെന്ന് പൃഥ്വി