പൃഥ്വിരാജിന് ഡേറ്റില്ലാത്തതിനാൽ നവാഗത സംവിധായകയുടെ ചിത്രം പെരുവഴിയിൽ. നവാഗതയായ റോഷ്ണി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’ സിനിമയുടെ ചിത്രീകരണമാണ് അവതാളത്തിലായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. 13 കോടിയോളം രൂപ മുതൽ മുടക്കിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് പാതിവഴിയിൽ മുടങ്ങിയത്. ചിത്രത്തിന്റെ നിർമാണം ഒരു വർഷമായി നിലച്ചിട്ടും വിഷയത്തിൽ സിനിമാ സംഘടനകളും ഇടപെടാതെ ഒഴിഞ്ഞു മാറുകയാണ്.

എന്നു നിന്റെ മൊയ്തീനുശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. കോസ്റ്റ്യൂം ഡിസൈനറായ റോഷ്ണി ദിനകർ ആണ് ചിത്രത്തിന്റെ സംവിധായിക. കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. പോർചുഗൽ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. എന്നാൽ പൃഥ്വിരാജിന് ഡേറ്റില്ലാത്തതിനാൽ ചിത്രീകരണം മുടങ്ങി.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പൃഥ്വിരാജ് മറ്റു സിനിമകൾക്ക് ഡേറ്റ് നൽകിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത് നിർമിച്ച് അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. പൃഥ്വിരാജും പാർവതിയുമാണ് ആ ചിത്രത്തിലും പ്രധാന വേഷം ചെയ്യുന്നത്. മൈ സ്റ്റോറി ഡിസംബറിൽ എങ്കിലും റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് നിർമാതാവ് കൂടിയായ റോഷ്ണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പോർചുഗലിലെ രണ്ടാം ഷെഡ്യൂൾ നവംബറിൽ എങ്കിലും പൂർത്തിയാക്കാൻ കഴിയാത്ത പക്ഷം കാലാവസ്ഥയും തിരിച്ചടിയാകും. ഇതു കൂടി കണക്കിലെടുത്ത് വിഷയം പലതവണ മലയാള സിനിമാ സംഘടനകൾക്കു മുന്നിൽ അവതരിപ്പിച്ചു കഴിഞ്ഞുവെങ്കിലും സംഘടനകൾ ഉരുണ്ടു കളിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ